Site iconSite icon Janayugom Online

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 12000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്.

കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതിദിന കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടക്കുന്നത്.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് കേസുകള്‍ വീണ്ടും കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 36 ശതമാനവും ഡല്‍ഹിയില്‍ 23 ശതമാനവും വര്‍ധനയാണ് പ്രതിദിന കണക്കില്‍ ഉണ്ടായത്. കോവിഡ് കേസുകള്‍ വര്‍ധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനുണ്ടായിട്ടില്ല.

അതേസമയം കോവിഡ് കേസുകളിലുണ്ടായ വര്‍ധന നാലാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിന്റെ നിലപാട്. കോവിഡ് കേസുകളിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുതല്‍ ഡോസ് വാക്‌സീനേഷന്‍ തുടരാനാണ് നിര്‍ദേശം.

Eng­lish sum­ma­ry; dai­ly num­ber of covid cas­es in the coun­try has crossed 12000

You may also like this video;

Exit mobile version