മികച്ച ഫീച്ചറിനുള്ള സംസ്ഥാന ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി.25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 19ന് രാവിലെ 11.30ന് കൊല്ലം അശ്രാമം മൈതാനത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ‘ പടവ് 2026’ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷീരപഥത്തിലെ നക്ഷത്രങ്ങൾ’ എന്ന ശീർഷകത്തിൽ 2024 ഏപ്രിൽ ഒന്നു മുതൽ പത്തു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹനാക്കിയത്.
32 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്തുള്ള സാംബന് ലഭിക്കുന്ന അറുപത്തി രണ്ടാമത്തെ പുരസ്കാരമാണിത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരത്തിന് രണ്ടുവട്ടം അർഹനായിട്ടുണ്ട്.
സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ്, ജർമൻ എംബസി അവാർഡ്, കുഷ്റോ ഇറാനി പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകഭാരതി പുരസ്‌കാരം തുടങ്ങിയവയും നേടി.
തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. ഭാര്യ: സേതുമോള്‍. മക്കള്‍: സാന്ദ്ര, വൃന്ദ. മരുമകന്‍:എസ് അനൂപ്.

