ബിഹാറില്‍ മഹാദളിത് വിഭാഗത്തില്‍പ്പെട്ട 100 ഓളം പേരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. നവാഡ ജില്ലയിലെ കൃഷ്ണനഗര്‍ തോലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അക്രമികള്‍ ഭവനങ്ങള്‍ കത്തിച്ചത്. വീടുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമിസംഘം അഗ്നിക്കിരയാക്കുകയായിരുന്നു. തീവയ്പില്‍ നിരവധി വളര്‍ത്തു മൃഗങ്ങളും ചത്തൊടുങ്ങി. ഭൂമി സംബന്ധമായ തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നും പ്രതികളില്‍ ചിലര്‍ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. 21 വീടുകള്‍ മാത്രമാണ് നശിപ്പിച്ചതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 100 ഓളം പേരുടെ ഭവനങ്ങളാണ് അക്രമി സംഘം നശിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ആരോപിച്ചു.
ദളിതുകള്‍ക്ക് നേരെ ഇത്ര വലിയ അക്രമം നടന്നിട്ടും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്ക്രിയത്വം പാലിച്ചത് അക്ഷന്തവ്യമായ കുറ്റമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി സഖ്യത്തിന്റെ ഗൂഡതന്ത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി മറുപടി പറയണം. മണിപ്പൂര്‍ കലാപം കണ്ടില്ലെന്ന് നടിക്കുന്ന മോഡി, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പകരം രാജ്യത്തെ നിയമവാഴ്ച ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദളിത് — പിന്നാക്ക — ആദിവാസി ജനവിഭാഗത്തിന് നേര്‍ക്കുള്ള അക്രമികളുടെ അഴിഞ്ഞാട്ടം കൈയ്യുംകെട്ടി നോക്കിനിന്ന നിതീഷ് കുമാര്‍ സര്‍ക്കാര്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതായി ആര്‍ജെഡി ഉപാധ്യക്ഷന്‍ തേജസ്വി യാദവ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 100 ഓളം വീടുകള്‍ ഭൂമാഫിയ സംഘം അഗ്നിക്കിരയാക്കി. പ്രതികളെ ഉടനടി അറസ്റ്റ് ചെയ്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.
ദളിത് വിഭാഗമായ രവിദാസ് വിഭാഗത്തിന്റെ വീട് മറ്റൊരു ദളിത് വിഭാഗം പസ്വാന്‍ സമുദായം തീവച്ചതിനു പിന്നാലെയാണ് വ്യാപകമായ തോതില്‍ വീടുകള്‍ അഗ്നിക്കിരയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.