ദലിത് ചരിത്രകാരനും ഗ്രന്ഥകാരനുമായ വൈക്കം വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് നമശിവായം വീട്ടില്‍ ദലിത് ബന്ധു എന്‍.കെ ജോസ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 1929 ഫെബ്രുവരി 29ന് കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. വെച്ചൂര്‍ ദേവിവിലാസം സ്‌കൂള്‍, ഉല്ലല എന്‍എസ്എസ് സ്‌കൂള്‍, ചേര്‍ത്തല ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എറണാകുളം തേവര എസ്എച്ച് കോളേജ്, സെന്റ് ആല്‍ബര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് മഹാരാഷ്ട്ര വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ ചേര്‍ന്നു ആറ് വര്‍ഷം പ്രവര്‍ത്തിച്ചു.
റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റുകളായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുക്കള്‍. ജയപ്രകാശ് നാരായണന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 23-ാം വയസ്സില്‍ മുതലാളിത്തം ഭാരതത്തില്‍ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി)യുടെ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ ആശയങ്ങളോട് താല്പര്യം തോന്നിയ എന്‍.കെ ജോസ് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് മുഴുവന്‍ സമയ ദലിത് ചരിത്ര ഗവേഷകനായി മാറി.
1981 മുതല്‍ കേരള ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. ദലിത് പഠനങ്ങള്‍ക്കും ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദലിത് സംഘടനകള്‍ അദ്ദേഹത്തിനു ദലിത് ബന്ധു എന്ന വിശേഷണം നല്‍കി ആദരിച്ചു. പിന്നീട് അത് തന്റെ തൂലികാനാമമായി ജോസ് സ്വീകരിച്ചു. പുന്നപ്ര- വയലാര്‍, വൈക്കം സത്യഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, ചാന്നാര്‍ ലഹള, പുലയ ലഹള തുടങ്ങിയ ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തി. 150ല്‍ അധികം ദലിത്, ചരിത്ര ഗ്രന്ഥങ്ങള്‍ എന്‍.കെ ജോസ് രചിച്ചിട്ടുണ്ട്.
സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സൈന്ധവം അവാര്‍ഡ്, ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്മൃതി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും ആദരങ്ങളും എന്‍.കെ ജോസിന് ലഭിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എന്‍.കെ.ജോസിന്റെ പേരില്‍ ആര്‍ക്കൈവ് ഉണ്ട്. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ മുമ്പ് തയ്യാറാക്കിയ കല്ലറയില്‍ നടക്കും. ഭാര്യ: പരേതയായ തങ്കമ്മ ജോസ്. ആലപ്പുഴ പുളിങ്കുന്ന് പകലോമറ്റം കാനാശേരി കുടുംബാംഗം.
English Summary:Dalit relative NK Jose passed away
You may also like this video