Site icon Janayugom Online

ക്ഷേത്രത്തില്‍ കയറി തേങ്ങയുടച്ചതിന് ദളിത് യുവാക്കളെ ബഹിഷ്കരിച്ചു

dalit

മഹാരാഷ്ട്രയിലെ ലാടുര്‍ ഗ്രാമത്തില്‍ പ്രാദേശിക ദളിത് വിഭാഗത്തെ ഗ്രാമത്തിലെ മറ്റ് വിഭാഗങ്ങള്‍ ബഹിഷ്‌കരിച്ചതായി വാര്‍ത്ത. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ദളിത് വിഭാഗത്തിലെ ജനങ്ങളെ ഗ്രാമത്തിലെ മറ്റാളുകള്‍ ബഹിഷ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്.

സമാധാന കമ്മിറ്റി മീറ്റിങ്ങ് വിളിച്ചുചേര്‍ത്ത് തര്‍ക്കം പരിഹരിച്ചിട്ടുണ്ടെന്നും നിലവില്‍ ഗ്രാമത്തില്‍ സാഹചര്യങ്ങള്‍ സാധാരണ ഗതിയിലാണെന്നും പൊലീസ് കഴിഞ്ഞദിവസം പറഞ്ഞു.സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ദളിത് വിഭാഗത്തെ ബഹിഷ്‌കരിക്കുന്ന വാര്‍ത്ത ചര്‍ച്ചയായത്.മൂന്ന് ദിവസം മുമ്പ്, രണ്ട് ദളിത് യുവാക്കള്‍ തഡ്മുഗലി ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും തേങ്ങ ഉടക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത് എന്നാണ് ചില പോസ്റ്റുകളില്‍ പറയുന്നത്.

ദളിത് യുവാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ എതിര്‍ത്തുകൊണ്ട് മറ്റ് വിഭാഗങ്ങളില്‍ പെട്ട യുവാക്കള്‍ രംഗത്തെത്തുകയും പിന്നീട് ദളിത് വിഭാഗത്തെ ഗ്രാമത്തില്‍ ബഹിഷ്‌കരിക്കാന്‍ മറ്റുള്ളവര്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തര്‍ക്കം പരിഹരിച്ചെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദിനേശ്കുമാര്‍ കോഹ്‌ലെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തര്‍ക്കത്തിന് കാരണം ദളിത് യുവാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആയിരുന്നോ എന്നത് സംബന്ധിച്ച് പൊലീസുദ്യോഗസ്ഥന്‍ പ്രതികരിച്ചിട്ടില്ല.യുവാക്കളുടെ രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് തര്‍ക്കമുണ്ടായത്. എല്ലാ ഗ്രാമീണരെയും ഉള്‍പ്പെടുത്തി ശനിയാഴ്ച ഗ്രാമ സമാധാന കമ്മിറ്റി മീറ്റിങ്ങ് വിളിച്ച് ചേര്‍ത്തിരുന്നു. അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്,” ദിനേശ്കുമാര്‍ കോഹ്‌ലെ പറഞ്ഞു.

Eng­lish Sum­ma­ry: Dalit Youths boy­cotted for enter­ing in temple

You may also like this video:

Exit mobile version