ജില്ലയിൽ ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും 1,66,77,000 രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. ശക്തമായ കാറ്റിലും കനത്ത മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച പുല്ലഴിയിലെ വീടും വൈദ്യുതി പോസ്റ്റുകൾ വീണ് നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും വീടിന്റെ ട്രസ് വർക്ക് പൂർണ്ണമായും തകരുകയും ചെയ്ത സ്ഥലങ്ങളിൽ കലക്ടർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കാറ്റിലുംമഴയിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണുമാണ് പരക്കെ നാശനഷ്ടങ്ങളുണ്ടായത്.
തൃശൂർ താലൂക്കിലാണ്കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. ഒല്ലൂക്കര, അയ്യന്തോൾ, മരത്താക്കര, അരണാട്ടുകര, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലും നാശ നഷ്ടമുണ്ടായി. തൃശൂർ താലൂക്കിൽ ഒരു വീട് പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നു. 23 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകളിൽ 126 കർഷകരുടെ 5.97 ഹെക്ടർ കൃഷി നശിച്ചതിൽ 17.86 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തൃശൂർ, ഇരിങ്ങാലക്കുട കെഎസ്ഇബി സർക്കിളിൽ മാത്രം 1,13,91,000 രൂപയുടെ നാശനഷ്ടവും ഉണ്ടായി. സ്ഥല സന്ദർശനത്തിൽ ജില്ലാ കലക്ടറോടൊപ്പം തൃശൂര്‍ താലൂക്ക് തഹസിൽദാർ ടി ജയശ്രീ, വില്ലേജ് ഓഫിസർ ഷീജ രാജ്, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

