Site icon Janayugom Online

അണക്കെട്ടുകള്‍ അപകടനിലയില്‍

dams

സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യത്തെ പ്രധാനപ്പെട്ട 40 അണക്കെട്ടുകളിലെ നിലവിലെ സ്ഥിതി പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡാമുകളുടെ സംഭരണ ശേഷിയിലും പ്രതീക്ഷിത ആയുസിലും മാറ്റംവരുത്തണമോ എന്നറിയുന്നതിനു വേണ്ടിയാണ് പഠനം. കേന്ദ്ര ജല കമ്മിഷന്റെ (സിഡബ്ല്യുസി) നേതൃത്വത്തിലായിരിക്കും പഠനം. നിരീക്ഷണം ആവശ്യമുള്ള പ്രധാനപ്പെട്ട 124 ജലസംഭരണികളാണ് രാജ്യത്തുള്ളത്. ഇവയില്‍ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന 40 അണക്കെട്ടുകളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാം സുരക്ഷാ ബില്‍ പാസായതോടെ 15 മീറ്ററിലധികം ഉയരമുള്ള എല്ലാ അണക്കെട്ടുകളുടെയും മേല്‍നോട്ടം കേന്ദ്രസര്‍ക്കാരിന്റെ ഡാം സുരക്ഷാ അതോറിട്ടിക്ക് കീഴിലാണ്.

ഉപഗ്രഹ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പഠനം. അണക്കെട്ടുകളുടെ ഉയരം, വിസ്തീർണം, സംഭരണശേഷി എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുന്നതിനും എക്കല്‍ നിക്ഷേപത്തെ തുടര്‍ന്ന് സംഭരണ ശേഷിയിലും പ്രതീക്ഷിത ആയുസിലും ഉണ്ടാകുന്ന കുറവ് കണക്കാക്കുന്നതിനും പുതുക്കിയ മാപ്പുകളും ഡാറ്റാഷീറ്റുകളും തയാറാക്കുന്നതിനും വിദഗ്ധരെ പഠന സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സിഡബ്ല്യുസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിനുള്ള തയാറെടുപ്പുകള്‍ ഈ മാസം അവസാനത്തോടെ ഉണ്ടാകും. മണ്ണ്, ചെളി, കല്ലുകള്‍, മാലിന്യങ്ങള്‍ എന്നിവ അണക്കെട്ടുകളിലേക്ക് എത്തുകയും അതിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയ ആണ് എക്കല്‍ നിക്ഷേപം. പോഷകനദി ഒഴുകുന്ന പ്രദേശത്തെ ഭൂപ്രകൃതി, പരിസ്ഥിതി എന്നിവയെ ആശ്രയിച്ച് എക്കല്‍ നിക്ഷേപ തോതിലും മാറ്റം ഉണ്ടാകും. എക്കല്‍ നിക്ഷേപം ഒരു പരിധിയില്‍ കൂടുന്നത് അണക്കെട്ടിന്റെ സംഭരണ ശേഷിയെ ബാധിക്കുന്നു. ഒന്നേകാല്‍നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് അടക്കം നിലവില്‍ രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം സുരക്ഷാ ഭീഷണിയെ നേരിടുന്നുണ്ട്.

Eng­lish Sum­ma­ry: Dams in danger

You may like this video also

Exit mobile version