കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്ക് കൂടുതല്‍ തുക നല്‍കിയൊയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്. അതേസമയം സ്റ്റേഡിയത്തിൽ പരിപാടി നടത്തിയതിനെ തുടർന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്സ് ആണ് നോക്കുന്നത്.പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.