ബിഗ് ബാഷ് ലീഗില്‍ അരങ്ങേറ്റത്തില്‍ തന്നെ അടിപതറി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിന് വേണ്ടി കളത്തിലിറങ്ങിയ അഫ്രീദിയെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അമ്പയര്‍ വിലക്കി. 2.4 ഓവർ പന്തെറിഞ്ഞ് 43 റൺസ് വഴങ്ങിയാണ് താരം കളംവിട്ടത്. മെൽബൺ റെനഗേഡ്സും ബ്രിസ്ബെയ്ൻ ഹീറ്റും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. അരങ്ങേറ്റ മത്സരത്തിൽ 2.4 ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത ഷഹീന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.
ടിം സീഫർട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളിൽ വരുന്ന രണ്ട് ഫുൾടോസുകൾ എറിഞ്ഞതോടെ അമ്പയർമാർ ഇടപെടുകയായിരുന്നു, പന്തുകൾ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടർന്ന് പന്തെറിയുന്നതിൽനിന്ന് വിലക്കി. ഓവറിലെ അവസാന രണ്ട് പന്തുകൾ ബ്രിസ്ബേൻ ഹീറ്റ് ക്യാപ്റ്റൻ നഥാൻ മക്‌സ്വീനിക്ക് പൂർത്തിയാക്കേണ്ടി വരികയും ചെയ്തു. ആ ഓവറിൽ മാത്രം മൂന്ന് നോ ബോളുകൾ ഉൾപ്പെടെ 15 റൺസാണ് അഫ്രീദി വഴങ്ങിയത്. ഹീറ്റ്സിന്റെ ബോളിങ് നിരയിലെ പിഴവുകൾ മുതലെടുത്ത മെൽബൺ റെനഗേഡ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹീറ്റ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ ഒതുങ്ങി.

