Site iconSite icon Janayugom Online

വിവരങ്ങള്‍ ചോര്‍ത്തി സോവ പടരുന്നു: മുന്നറിയിപ്പുമായി ബാങ്കുകള്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നുഴഞ്ഞുകയറുന്ന സോവ മാല്‍വെയറിനെതിരെ മുന്നറിയിപ്പ്. ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെയാണ് മാല്‍വെയര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാജ ആപ്പുകളിലൂടെ ഫോണുകളിലേക്ക് പ്രവേശനം നേടുന്ന മാല്‍വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ത്തുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ തുടങ്ങിയ മുന്‍നിര ബാങ്കുകളും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സൈബര്‍ സുരക്ഷാ ഗവേഷണ സ്ഥാപനമായ സെര്‍ട്ട് ഇന്നും ഇതിനോടകം തന്നെ മാല്‍വയറിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആൻഡ്രോയിഡ് അധിഷ്‌ഠിത ട്രോജൻ മാൽ‌വെയറാണ് സോവ. റഷ്യന്‍ നിര്‍മ്മിതമാണിതെന്ന് വിദഗ്ധര്‍ കരുതുന്നു. സോവയുടെ പരിഷ്ക്കരിച്ച അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഇത്തരം മാല്‍വെയറുകള്‍ക്ക് അവസരം നല്‍കുതെന്ന് മുന്നറിയിപ്പ് നല്‍കിയ എസ്‌ബിഐ വിശ്വസ്തമായ ഇടങ്ങളില്‍ നിന്നു മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയ സന്ദേശങ്ങളിലൂടെയാണ് ആപ്പിന്റെ ലിങ്കുകള്‍ ലഭിക്കുക. ഈ ലിങ്കിൽ നാം ക്ലിക്ക് ചെയ്യുന്നതോടെ സോവ നമ്മുടെ ഫോണിൽ ഇൻസ്‌റ്റോൾ ആകുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ആപ്ലിക്കേഷനുകള്‍ വഴിയോ ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യുമ്പോള്‍ മാല്‍വെയര്‍ വ്യക്തിഗത വിവരങ്ങള്‍ റെക്കോഡ് ചെയ്യുന്നു.
സോവ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീടിത് സ്വന്തം സംരക്ഷണത്തിനുള്ള മാര്‍ഗങ്ങളിലേക്ക് കടക്കുമെന്നും നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇൻസ്റ്റാൾ ചെയ്ത ശേഷം, അത് ഉപഭോക്താക്കളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മറ്റ് ആപ്പുകളുടെ വിശദാംശങ്ങൾ ഹാക്കർമാർ നിയന്ത്രിക്കുന്ന സി2 (കമാൻഡ് ആന്റ് കൺട്രോൾ സെർവർ) ലേക്ക് അയയ്ക്കുന്നു.
കുക്കികള്‍, പാസ്‌വേഡുകള്‍, മള്‍ട്ടി ഫാക്ടര്‍ ഓതന്‍റ്റിക്കേഷന്‍ ടോക്കണുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ആപ്പുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വെയറിനു കഴിയും. ഹാക്കര്‍ വിചാരിച്ചാല്‍ സ്ക്രീന്‍ ഷോട്ട് വരെ എടുക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഞ്ചാം പതിപ്പില്‍ പുതിയതായി റാന്‍സം വെയര്‍ സവിശേഷത കൂടി സുരക്ഷാവിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഫോണുകളിലെ ചിത്രങ്ങളും വീഡിയോയും അടക്കമുള്ളവ എന്‍ക്രിപ്റ്റഡ് രൂപത്തിലേക്ക് മാറ്റുകയും തുറന്നുലഭിക്കുന്നതിന് പണം നല്‍കേണ്ടതായി വരുമെന്നും സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Eng­lish Summary:Data leak spreads SOA: Banks with warning
You may also like this video;

Exit mobile version