നീലഗിരി ജില്ലയിലെ കുനൂരിനു സമീപം തകർന്നുവീണ സൈനിക ഹെലികോപ്ടറിന്റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഉന്നതല സംഘം നടത്തിയ തെരച്ചിലിലാണ് ഡേറ്റാ റെക്കോർഡർ കണ്ടെത്തിയത്.
ഡേറ്റാ റെക്കോർഡർ ഡീകോഡ് ചെയ്ത ശേഷമെ അപകട കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചിന്നിച്ചിതറിയ കോപ്ടറിന്റെ ഭാഗങ്ങൾ പരിശോധനയുടെ ഭാഗമായി വ്യോമസേന ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
അതേസമയം, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി അപകടസ്ഥലത്ത് പരിശോധന നടത്തി. രാവിലെ കോപ്ടർ നിലംപതിച്ച കുനൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേർന്ന തോട്ടത്തിലെ മലഞ്ചരിവിൽ, നഞ്ചപ്പൻചത്തിരം കോളനിക്കു സമീപമാണ് പരിശോധന നടത്തിയത്.ഇന്നലെ ഉച്ചയോടെയാണ് കുന്നൂരിനു സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണ് രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. കോപ്ടർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് 80 ശതമാനം പൊള്ളലേറ്റ നിലയിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. മൊത്തം 14 പേരാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്.വൻമരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നു വീണയുടൻ കോപ്ടറിന് തീപിടിച്ചു.കോപ്ടറിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറി. സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
english summary;data recorder of the crashed military helicopter was found in coonoor
you may also like this video;