വിവാഹ വെബ്‌സൈറ്റുകൾ വഴി പരിചയപ്പെട്ട് 15ലധികം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഹിമാൻഷു യോഗേഷ്ഭായ് പഞ്ചൽ(26) അറസ്റ്റിലായത്. സൈബർ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സ്ത്രീകളെ വശീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ വ്യാജ പ്രൊഫൈലിൽ താൻ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും നിരവധി സ്വത്തുക്കളുടെ ഉടമയാണെന്നും പരാമർശിച്ചിരുന്നു. പ്രതി യുവതികളെ വസായ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലേക്ക് ക്ഷണിക്കുകയും വ്യാജ വജ്രാഭരണങ്ങൾ സമ്മാനമായി നൽകുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.
31 വയസ്സുള്ള ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇയാളെ പരിചയപ്പെടുന്നതെന്നും തനിക്ക് വ്യാജ വജ്രമാല സമ്മാനമായി നൽകി വിശ്വാസം നേടിയെടുക്കുകയും ചെയ്തതായി യുവതി അവകാശപ്പെട്ടു. വസായിലും അഹമ്മദാബാദിലുമുള്ള രണ്ട് ഹോട്ടലുകളിൽ അയാൾ തന്നെ ബലാത്സംഗം ചെയ്തതായി അവർ പറഞ്ഞു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

