Site iconSite icon Janayugom Online

മകളുടെ കുളിക്കുന്ന വീഡിയോ പകർത്തി ഭീഷണി; യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി പിതാവ്

മകൾ കുളിക്കുന്ന വീഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത യുവാവിനെ പിതാവ് കൊലപ്പെടുത്തി. ആഗ്രയിലാണ് 18 മാസത്തെ അന്വേഷണത്തിനൊടുവിൽ ഈ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ്(18) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവായ ദേവിറാം(45)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മകളെ കാണണമെന്ന് പറഞ്ഞ് രാകേഷ് സിങിനെ ദേവിറാം കടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കടയിലെത്തിയ രാകേഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവിൻ്റെ സഹായത്തോടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ രാകേഷിൻ്റെ മോട്ടോർ സൈക്കിളും മൊബൈൽ ഫോണും ദേവിറാം ഖാരി നദിയിൽ ഉപേക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.

2024 ഫെബ്രുവരി 15നാണ് രാകേഷ് സിങിനെ ആഗ്രയിലെ കബൂൽപൂർ ഗ്രാമത്തിൽനിന്ന് കാണാതായത്. ദിവസങ്ങൾക്ക് ശേഷം പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയെങ്കിലും രാകേഷിൻ്റെ ബന്ധുക്കൾക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മകൻ്റെ കൈവശം ഒരു പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടായിരുന്നുവെന്നും തിരോധാനത്തിന് പിന്നിൽ തർക്കമുണ്ടെന്നും രാകേഷിൻ്റെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നു.
ഇതിനിടെ, കേസ് പിൻവലിക്കാനായി പ്രതിയായ ദേവിറാം, രാകേഷിൻ്റെ പിതാവായ ലാൽസിങിനെ കാണുകയും രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ, പൊലീസ് അന്വേഷണം തുടരുകയായിരുന്നു. മൃതദേഹത്തിൽ നിന്നെടുത്ത ഡി എൻ എ പരിശോധനാഫലം രാകേഷ് സിങിൻ്റെ അമ്മയുടേതുമായി യോജിച്ചതോടെയാണ് അന്വേഷണം വീണ്ടും ദേവിറാമിലേക്ക് എത്തിയത്. ഇതോടെയാണ് കൊലപാതകത്തിൻ്റെ വിശദാംശങ്ങൾ പുറത്തായത്.

Exit mobile version