വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ) ബാധിച്ചവര്‍ക്ക് കാഴ്ചപ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി എത്തിയ തുള്ളിമരുന്നിന് അനുമതി നിഷേധിച്ച് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള എന്‍റ്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് പ്രെസ്ബയോപിയ ചികിത്സയ്ക്കായി പ്രസ്വു ഐ ഡ്രോപ്പ് വികസിപ്പിച്ചെടുത്തത്. ലോകമെമ്പാടുമുള്ള 1.09 ബില്യൺ മുതൽ 1.80 ബില്യൺ വരെ ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് പ്രെസ്ബയോപിയ.
പുതിയ തുള്ളിമരുന്ന് ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അടുത്ത ആറുമണിക്കൂര്‍ തെളിഞ്ഞകാഴ്ച ലഭിക്കുമെന്നുമാണ് അവകാശവാദം. ഇതോടെ കണ്ണട ഉപയോഗം ഒഴിവാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. പൈലോകാര്‍പിന്‍ എന്ന രാസഘടകമാണ് മരുന്നിലുള്ളത്. ഇത് ഗ്ലക്കോമ രോഗികളില്‍ കണ്ണിലെ മര്‍ദം കുറയ്ക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്നു. പിന്നീട് ഉപയോഗം കുറഞ്ഞു. അതേസമയം ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക നേത്രരോഗ വിദഗ്ധര്‍ പങ്കുവച്ചിരുന്നു,
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) സബ്‌ജക്റ്റ് എക്‌സ്‌പർട്ട് കമ്മിറ്റി (എസ്ഇസി) ഉൽപ്പന്നത്തിന് അനുമതി നല്‍കിയിരുന്നു. ഒക്‌ടോബർ ആദ്യവാരം മുതൽ കുറിപ്പടി അധിഷ്‌ഠിത ഐ ഡ്രോപ്പുകൾ 350 രൂപ നിരക്കിൽ ഫാർമസികളിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഡിസിജിഐ മരുന്നിന്റെ വിപണനം വിലക്കുകയായിരുന്നു. ഐ ഡ്രോപ്പുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി നൽകിയ അനുമതി താൽക്കാലികമായി നിർത്തിവച്ചതായി ഡിസിജിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് എന്‍റ്റോഡ് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.