Site iconSite icon Janayugom Online

എത്തിഹാദില്‍ ഡിബ്രൂയിനെയ്ക്ക് പടിയിറക്കം; ബേണ്‍മൗത്തിനെതിരെ സിറ്റിക്ക് ജയം

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തോട് വിജയത്തോടെ വിടപറഞ്ഞ് കെവിൻ ഡിബ്രൂയിനെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ സീസണില്‍ എത്തിഹാദ് സ്റ്റേഡിയത്തിലെ അവസാന മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. ബേണ്‍മൗത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡും കണ്ടു. 

സീസണോടെ വിടപറയാനൊരുങ്ങുന്ന കെവിന്‍ ഡിബ്രൂയിനെയ്ക്ക് ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വിജയത്തോടെ വിടപറയാനായി. സീസണില്‍ ഇനി ഒരു മത്സരം കൂടി സിറ്റിക്കുണ്ട്. ബൗണ്‍മൗത്തിനെതിരായ മത്സരത്തില്‍ 14-ാം മിനിറ്റില്‍ ഒമര്‍ മര്‍മൗഷ് നേടിയ ഗോളിലാണ് സിറ്റി മുന്നിലെത്തുന്നത്. 38-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ ലീഡ് ഇരട്ടിയാക്കി. ഇതോടെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ആദ്യപകുതിയില്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്കായി. 

മത്സരത്തിന്റെ അവസാന നിമിഷം സിറ്റിയും ബേണ്‍മൗത്തും ഓരോ ഗോള്‍ വീതം നേടി. 89-ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലസിലൂടെ സിറ്റി മൂന്നാം ഗോള്‍ കണ്ടെത്തിയപ്പള്‍ ഇഞ്ചുറി സമയത്തിന്റെ ആറാം മിനിറ്റില്‍ ഡാനിയേല്‍ ജെബിസണ്‍ ബേണ്‍മൗത്തിനായി ഒരു ഗോള്‍ മടക്കി. 37 കളികളിൽനിന്ന് 68 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സീസണിൽ ഒരേയൊരു മത്സരം ശേഷിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് അരികെയാണ് സിറ്റി. ലിവർപൂൾ 83 പോയിന്റോടെ ചാമ്പ്യൻമാരായിരുന്നു. 71 പോയിന്റോടെ ആഴ്സണല്‍ രണ്ടാമതാണ്. മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനെ ക്രിസ്റ്റല്‍ പാലസ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ചു. പാലസിനായി എഡി എന്‍കെത്യ ഇരട്ടഗോളുകളമായി തിളങ്ങി. ബെന്‍ ചില്‍വെല്‍, എബ്രേഷി എസെ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. 52 പോയിന്റോടെ 12-ാമതാണ് ക്രിസ്റ്റല്‍ പാലസ്. 41 പോയിന്റുള്ള വോള്‍വ്സ് 14-ാമതാണ്. 

Exit mobile version