കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരീ ക്വീൻസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹം മാറി നൽകി. ബുധനാഴ്ച സംസ്കാരം നടത്തിയ ചെറുവള്ളി കൈലാത്തുകവലയിൽ മാൻകുഴിയിൽ കമലാക്ഷിയമ്മ (80) എന്ന് കരുതി ചോറ്റി പുത്തൻപറമ്പിൽ ശോശാമ്മ ജോൺ (86)ന്റെ മൃതദേഹമാണ് മാറിനൽകിയത്. കമലാക്ഷിയമ്മയുടെതെന്ന് കരുതി ബന്ധുക്കൾ മതാചാര പ്രകാരം ബുധനാഴ്ച സംസ്കാരം നടത്തി. വ്യാഴാഴ്ച ശോശാമ്മയുടെ ചിതാഭസ്മം ശേഖരിച്ച് ബന്ധുക്കൾ വീണ്ടും സംസ്കരിച്ചു. കഴിഞ്ഞ ആറിനാണ് ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. തുടർന്ന് മൃതദേഹങ്ങൾ മേരീക്വീൻസ് ആശുപത്രിയിലെ മോർച്ചറിയിലെത്തിച്ചു.
കമലാക്ഷിയമ്മയുടെ മക്കളെത്തിയാണ് മൃതദേഹം ബുധനാഴ്ച രാവിലെ 11ഓടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഉച്ചയ്ക്ക് 12ഓടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം നാലോടെ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി ദഹിപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കായി വ്യാഴാഴ്ച രാവിലെ ശോശാമ്മയുടെ മക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ മൃതദേഹം സ്വീകരിക്കുന്നതിനായി മോർച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.
തുടർന്ന് തഹസിൽദാർ ബെന്നി മാത്യു, ഡിവൈഎസ്‍പി അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ, ഇരുവരുടെയും ബന്ധുക്കൾ എന്നിവരുമായി ചർച്ച നടത്തി. യോഗത്തിൽ ആശുപത്രി അധികൃതർ ശോശാമ്മയുടെ ബന്ധുക്കളോട് മാപ്പ് പറഞ്ഞു. തുടർന്ന് ശോശാമ്മയുടെ ബന്ധുക്കൾ കമലാക്ഷിയമ്മയുടെ വീട്ടിലെത്തി ചിതാഭസ്മം മൃതസംസ്കാര പെട്ടിയിൽ ശേഖരിച്ച് ചോറ്റിയിലെ വീട്ടിലെത്തിച്ച് ശുശ്രൂഷകൾക്ക് ശേഷം കൂട്ടിക്കൽ സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിൽ സംസ്കാരിച്ചു. കമലാക്ഷിയമ്മയുടെ മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റെടുത്ത് ചേപ്പുംപാറയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
English Summary: dead bodies got mixed up in private hospital in kottayam
You may also like this video
You may also like this video