വിഴിഞ്ഞത്ത് കടലിൽ മൃതദേഹം കണ്ടെത്തി. കോവളത്തിന് സമീപം അടിമലത്തുറയിലാണ് മൃതദേഹം ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴിയിൽ കടലിൽ കാണാതായ വർക്കല സ്വദേശി ഉസ്മാന്റേതാണെന്ന് സംശയിക്കുന്നു.
മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരവെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യതൊഴിലാളികളായ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
രാവിലെ 10 മണിയോടെയാണ് മുങ്ങൽ വിദഗ്ദ്ധ സംഘം തിരച്ചിൽ ആരംഭിച്ചത്. തിരുവനന്തപുരം ഡിഐജി ആർ നിഷാന്ത് സംഭവസ്ഥലത്തെത്തി തുടർ തിരച്ചിലുകൾക്ക് നേതൃത്വം നൽകി.
വിഴിഞ്ഞത്തുനിന്നുള്ള കക്കവാരൽ തൊഴിലാളികളായ അഞ്ചംഗ മുങ്ങൽ വിദഗ്ദ്ധ സംഘമാണ് ഇന്ന് മുതലപൊഴിൽ തിരച്ചിൽ നടത്തുന്നത്. പൊഴിമുഖത്തെ പുലിമുട്ടിൽ കുടുങ്ങികിടക്കുന്ന വലകൾ അറുത്ത് മാറ്റുവാനുള്ള കഠിനപ്രയത്നത്തിലാണ് മുങ്ങൽ വിദഗ്ദ്ധർ.
കഴിഞ്ഞ അഞ്ച് ദിവസമായി നേവി, കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ്, പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംയുക്തമായി തിരച്ചിൽ നടത്തിവരുകയാണ്.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുനിന്നും അപകടത്തിൽ കാണാതായ ഒരാളുടെതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് മുതലപ്പൊഴി ദുരന്തത്തിൽ ഉൾപ്പെട്ടതാണോ എന്ന സ്ഥിരീകരണം ഉണ്ടാകുകയുള്ളു.
English Summary: Dead body in sea in Vizhiinjam: Suspected to be that of a native of Varkala who went missing in Mudalappozhi
You may like this video also