ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ ഏകദേശം നാല് മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് കണ്ടെത്തി.
ഇന്നലെ രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എസ് 3 കോച്ചിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആർ പി എഫ് അറിയിച്ചു.

