Site iconSite icon Janayugom Online

കോഴിക്കോട് നഗരത്തിലെ ഇറച്ചിക്കടയില്‍ നിന്നും ചത്തകോഴികളെ പിടികൂടി

ചത്തകോഴികളെ വില്പന നടത്തുവെന്ന പരാതി ഉയര്‍ന്ന നഗരത്തിലെ ഇറച്ചിക്കടയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഇന്നലേയും ചത്തകോഴികളെ പിടികൂടി. സിപിആര്‍ ഇറച്ചി വില്പനശാലയുടെ നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ കടയിലാണ് ചത്തകോഴികളെ കണ്ടെത്തിയത്.
കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 80 കിലോയോളം ചത്തകോഴികളെയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം എരഞ്ഞിക്കല്‍ പുതിയപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന എംകെബി ചിക്കന്‍ സ്റ്റാളില്‍നിന്ന് രണ്ടായിരം കിലോയോളം ചത്തകോഴികളെ കണ്ടെത്തിയിരുന്നു. ഇവരുടെ തന്നെ സ്റ്റാളാണ് നടക്കാവില്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം, ഫുഡ് സേഫ്റ്റി ഓഫീസര്‍, വെറ്ററിനറി വിഭാഗം എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. 

ടെലിഫോണ്‍ വഴി വന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടയില്‍ രണ്ട് പെട്ടിയില്‍ കോഴികള്‍ ചത്തനിലയിലായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ കടയിലുണ്ടായിരുന്ന ജോലിക്കാര്‍ ഇറങ്ങിയോടി. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കട അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ കെ കെ മനോജ് പറഞ്ഞു. നിയമപ്രകാരം അസുഖങ്ങളുള്ളതോ, ചത്തതോ ആയ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം വില്‍ക്കാന്‍ പാടില്ല. എന്നാല്‍ ഇവിടെ ചത്ത കോഴികളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വി എസ് ശ്രീഷ്മ പറഞ്ഞു.
ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള കടയില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മുഴുവന്‍ ചത്ത കോഴിക്കളെയാണ് കണ്ടെത്തിയത്. കോഴികളുടെ പോസ്റ്റ്‌മോര്‍ട്ടം പ്രിലിമിനറി എക്‌സാം നടത്തിയതില്‍ ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായി ക­ണ്ടെ­ത്തിയതായും ഡോക്ടര്‍ വ്യക്തമാക്കി.
അതേസമയം നടക്കാവിലെ ഈ കടയില്‍ നിരന്തരം ചത്തകോഴികളെയാണ് വിറ്റുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കടയുടെ പേര് കഴിഞ്ഞ ദിവസം രാത്രി എടുത്ത് മാറ്റിയിരുന്നു. ഗുണനിലവാരം കുറഞ്ഞ കോഴിയിറച്ചി വില്പന നടത്തിയതിനെ തുടര്‍ന്ന് ഒരുവിഭാഗം ചിക്കന്‍ 

വ്യാപാരികളുടെ നേതൃത്വത്തില്‍ ഈ കടയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.മാന്യമായി കച്ചവടം ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഒരുപാട്തവണ ഇദ്ദേഹത്തിന്റെ പല കടകളും ഇതുപോലെ അടച്ചിട്ടുണ്ടെന്നും ചിക്കന്‍ വ്യാപാരി സമിതിക്കാര്‍ ആരോപിച്ചു. എന്നാല്‍ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും കടകൾ അടപ്പിച്ച് കച്ചവടം നശിപ്പിക്കലാണ് ചിലരുടെ ഉദ്ദേശമെന്നും കടയുടമ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Dead chick­ens were seized from a butch­er shop in Kozhikode city

You may also like this video

Exit mobile version