വന നിയമത്തിൽ സമഗ്രമായ ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള 2024 ‑ലെ കേരള വന (ഭേദഗതി)ബില്ലിനെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകളും അഭിപ്രായങ്ങളും കേൾക്കുന്നതിനും പരാതിപ്പെടുന്നതിനുമുള്ള സമയപരിധി ജനുവരി 31 വരെ നീട്ടണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. 1961 ലെ ഫോറസ്റ്റ് ആക്ട് ഭേദഗതിയുടെ മലയാളം പരിഭാഷ ജനുവരി നാലിനാണ് സർക്കാർ പ്രസിദ്ധീകരിച്ചത് . നിലവിൽ പരാതിയും നിർദേശങ്ങളും നൽകാനുള്ള സമയപരിധി ജനുവരി 10 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
വിശദമായ പഠനത്തിനും നിരീക്ഷണത്തിനും ചുരുങ്ങിയ സമയംക്രമം ബുദ്ധിമുട്ട് സൃഷ്ടിക്കും. 1961 ലെ ഫോറസ്റ്റ് ആക്ട് സർക്കാർ കൊണ്ടു വന്നിട്ടുള്ള ഭേദഗതി അനുസരിച്ച് ഏതൊരു വ്യക്തിയേയും വനത്തിൽ കയറി എന്ന സംശയത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യാനും ആരുടെ വീടും മജിസ്ട്രേറ്റിൻ്റേയോ മേലുദ്യോഗസ്ഥൻ്റേയോ അതുമതിയില്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വനത്തിലൂടെ ഒഴുകുന്ന പുഴകളുടെയും ആറിൻ്റേയും അവകാശം ഫോറസ്റ്റിനാണ്.
പ്രിൻസിപ്പൽ ആക്ടിൻ്റെ സെക്ഷൻ 63 ൻ്റെ ഭേദഗതി നിർദ്ദേശങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്നും ജനങ്ങളെ കേൾക്കുന്നതിനുള്ള സമയപരിധി ഈ മാസം 31 വരെ ദീർഘിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് വനം മന്ത്രിക്ക് നിവേദനം നൽകിയതായും കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ, പ്രസിഡന്റ് കെ.വി. വസന്തകുമാർ അറിയിച്ചു