‘ക്ഷാമബത്ത അതിന്റെ പേരുകൊണ്ട് തന്നെ ക്ഷീണിതാവസ്ഥയിൽ വേതനത്തോടൊപ്പം നൽകുന്ന കൈത്താങ്ങ് എന്ന നിലയിലുള്ള പരിരക്ഷയായിട്ടാണ് തൊഴിൽ ദാതാവ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ലോകത്ത് ആദ്യം അമേരിക്കയിലും തുടർന്ന് ഇംഗ്ലണ്ടിലുമാണ് സംഘടിത തൊഴിലാളി പ്രസ്ഥാനം രൂപംകൊള്ളുന്നത്. നിയമപരമായ പിൻബലവും ഘടനാപരമായ രൂപവും ഇംഗ്ലണ്ടിലാണ് ആദ്യം ശക്തി പ്രാപിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ഇത്തരം കാര്യത്തിലുള്ള സുരക്ഷിതത്വവും അവകാശവും ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ക്രമേണ വ്യവസ്ഥാപിതമായി.
‘കൂലിയോടൊപ്പം അതിന്റെ അവിഭാജ്യ ഘടകമായി തീർന്ന ഒന്നാണ് ഇപ്പോൾ ക്ഷാമബത്ത (ഡിഎ). “കൂലി എന്നാൽ വിലപേശലിലൂടെയോ വ്യക്തിപരമായ കരാറിലൂടെയോ നിശ്ചിത സമയം ജോലി ചെയ്യുന്ന വ്യക്തിക്ക്, ചെയ്യിക്കുന്നയാൾ കൊടുക്കേണ്ട പ്രതിഫലമാണ്.”
‘ഈ കരാർ ഒരു ദിവസം എന്നതിനപ്പുറം കടന്ന് മാസങ്ങളോ വർഷങ്ങളോ ആയി നീളുമ്പോൾ കരാര്‍ കാലയളവിൽ ഉണ്ടാകുന്ന അസ്ഥിര സാമൂഹിക ചുറ്റുപാടുകൾ, അതായത് വിലക്കയറ്റം, യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങി പല കാരണങ്ങളാലും തൊഴിലാളിയുടെ ക്രയ ശേഷിയെ ബാധിക്കുന്ന തരത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അത് കണക്കാക്കി പ്രതിഫലത്തോടൊപ്പം നല്‍കേണ്ട തുകയാണ് ഡിഎ ആയി പിന്നീട് രൂപംകൊള്ളുന്നത്.
ഇന്ത്യയിൽ രണ്ടാം ലോകമഹായുദ്ധത്തോടുകൂടിയാണ് തൊഴിലാളികൾക്ക് പ്രത്യേക കൈത്താങ്ങ് വേണമെന്ന ആവശ്യം ഉയർന്നുവന്നത്. ഡിഎ എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ലെങ്കിലും യുദ്ധകാലത്ത് ഉണ്ടായ അതിരൂക്ഷമായ വിലക്കയറ്റവും നാണയ മൂല്യശോഷണവും ജീവിതത്തെ അതിന്റെ പരമ ദയനീയതയിൽ എത്തിച്ചപ്പോൾ ബോംബെയിലെ ടെക്‌സ്റ്റൈല്‍ തൊഴിലാളി സംഘടനകളുടെ ആവശ്യത്തെത്തുടർന്ന് നടന്ന ചർച്ചയുടെ ഫലമായി ഉണ്ടായ കരാറിലാണ് താൽക്കാലിക ആശ്വാസം എന്ന നിലയിൽ ഒരു തുക വേതനത്തോടൊപ്പം നല്‍കാൻ ധാരണ ഉണ്ടായത്. തൊഴിലാളികളുടെ ക്രയശേഷിയും ആരോഗ്യവും നിലനിർത്തുന്നതിന് ഇത് ആവശ്യമാണ് എന്നത് തൊഴിലുടമയുടെ ആവശ്യവും കൂടിയായിരുന്നു. അങ്ങനെ “ഡിയർ ഫുഡ് അലവൻസ് ” (ഡിഎഫ്എ) എന്ന നിലയിൽ ഒരു തുക വേതനത്തോടൊപ്പം കൊടുക്കുവാൻ കരാറായി. ബോംബെയിലെ ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലയിലാണ് ഡിഎഫ്എ തുടങ്ങിയത്, അതും താൽക്കാലികമായി. ഈ സംവിധാനത്തെ തുടർന്നുണ്ടായ ആർബിട്രേഷനും അഡ്ജ്യൂഡിക്കേഷനും തുടർന്ന് ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകളിലൂടെയും നടത്തിയ പോരാട്ടത്തിന്റെ ഫലമായി 1953ൽ ടെക്‌സ്റ്റൈല്‍ മേഖലയിൽ ഉണ്ടായിരുന്ന ഡിഎഫ്എ “റിവൈസഡ് ടെക്‌സ്റ്റൈല്‍ അലവൻസ്” എന്ന പേരിൽ പരിഷ്കരിച്ച് നടപ്പിലാക്കി. ഇതാണ് ഇന്ത്യയിലെ ഡിഎയുടെ ആദിമ രൂപം.
പിന്നീട് കേന്ദ്ര പേ കമ്മിഷൻ പ്രകാരം വേതനത്തോടൊപ്പം ഒരു നിശ്ചിത ശതമാനം തുക കണക്കാക്കി നൽകുന്നതിനുള്ള വ്യവസ്ഥയുണ്ടാവുകയും അതിന്റെ അടിസ്ഥാനത്തിൽ വേതനം നൽകുകയും ചെയ്തു തുടങ്ങി. അഞ്ചാം പേ കമ്മിഷൻ പ്രകാരം നിശ്ചിത ഡിഎ അടിസ്ഥാന ശമ്പളത്തോടുകൂടി ലയിപ്പിക്കുന്ന രീതിയും പ്രാബല്യത്തിൽ വന്നു. കമ്മിഷൻ ശുപാർശ പ്രകാരം ഏറ്റവും ഒടുവിൽ 2025ൽ രണ്ട് ശതമാനം വർധിപ്പിച്ച് 2025 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലായി.
ടെക്‌സ്റ്റൈല്‍ മേഖലയിലുണ്ടായ പരിഷ്കരണം വ്യാപകമാവുകയും വേതനത്തിന്റെ ഭാഗമായി തന്നെ ഡിഎ കൂടി ഉൾപ്പെടുന്ന സങ്കല്പത്തിന്റെ അല്ലെങ്കിൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1948ലെ മിനിമം വേതന നിയമത്തിൽ വേതനം എന്നാൽ അടിസ്ഥാന ശമ്പളവും ഡിഎയും ഉൾപ്പെടുന്നതാണ് എന്ന നിർണയം ഉണ്ടായത്.
മിനിമം വേതന നിയമത്തിൽ മിനിമം വേതനം എന്ന് മാത്രമല്ല പറയുന്നത്. മിനിമം റേറ്റ് ഓഫ് വേജസ് എന്നാണ് നാലാം വകുപ്പിൽ പറയുന്നത്. ഇതിന് കൃത്യമായ നിർവചനവും നൽകിയിട്ടുണ്ട്. വകുപ്പ് നാല് പ്രകാരം മിനിമം റേറ്റ് ഓഫ് വേജസ് എന്നാൽ മൂന്നാം വകുപ്പ് പ്രകാരം നിശ്ചയിക്കുന്ന അടിസ്ഥാന വേതനത്തിനൊപ്പം ഒരു “സ്പെഷ്യൽ അലവൻസ്” കൂടി ഉൾക്കൊള്ളുന്നു എന്നും സ്പെഷ്യൽ അലവൻസ് എന്നത് ജീവിത നിലവാര സൂചികയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിന് അനുസൃതമായി നിശ്ചയിക്കണമെന്നുമാണ്. അതിനെ ജീവിത ചെലവ് ബത്ത എന്ന് നാമകരണം ചെയ്യുകയുമുണ്ടായി.
1948 മുതൽ കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിൽ മിനിമം വേതന നിയമത്തിൽ നിർണയിക്കപ്പെട്ടിട്ടുള്ള ജീവിത ചെലവ് ബത്ത ആണ് ഡിഎ അഥവാ വേരിയബിൾ ഡിഎ.
എന്നാൽ ഇന്ന് ഈ സങ്കല്പത്തെ അട്ടിമറിക്കുന്ന നിലയിലുള്ള സംവിധാനങ്ങളും തന്ത്രങ്ങളും ആണ് വ്യാപകമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇത് കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ പൊതുമേഖലാ സ്ഥാപനങ്ങളിലും അർധസർക്കാർ സ്ഥാപനങ്ങളിലും വ്യാപകമായി അരങ്ങേറുകയാണ്. കൺസോളിഡേറ്റഡ് പേ, അലവൻസ്, ഓണറേറിയം തുടങ്ങി നിരവധി പേരുകളിൽ തൊഴിലിനു പ്രതിഫലം നൽകിക്കൊണ്ട് തൊഴിലാളികളുടെ ക്രയശേഷി നിലനിർത്തുന്നതിന് ആവശ്യമായ നിലയിൽ തുടങ്ങിയ ഡിഎ (ക്ഷമബത്ത) സമ്പ്രദായം പൂർണമായും നിരാകരിക്കുന്ന തരത്തിലാണ് സാഹചര്യങ്ങള്‍.
കേരളത്തിൽ പല സ്വകാര്യ മേഖലകളിലും തൊഴിലാളികൾക്ക് ഒരു നിശ്ചിത തുക പ്രതിഫലമായി നിശ്ചയിച്ച് നിത്യവേതനം എന്ന നിലയിൽ നല്‍കുന്നത് വ്യാപകമാകുന്നു. മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ നല്‍കുന്നുമില്ല. ചില സ്ഥലങ്ങളിൽ ബോണസ് നൽകുന്നുണ്ട്. ഇതുതന്നെ പൊതുമേഖലാ-അർധ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ നേരിട്ട് നിയമിക്കുന്ന തൊഴിലാളികളുടെ കാര്യത്തിലും സംഭവിക്കുന്നു. വേരിയബിൾ ഡിഎ എന്ന തൊഴിലാളികളുടെ അവകാശം യാതൊരു നീതീകരണവും ഇല്ലാതെ നിഷേധിക്കപ്പെടുന്നു. വിവിധ പദ്ധതികളിലും സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് പേരെ ജോലിക്ക് നിയോഗിക്കുകയും മറ്റു പേരുകൾ നൽകി നിയമത്തെ മറികടക്കുകയും ചെയ്യുന്നുണ്ട്. ഇത് എത്രയെന്ന് കണക്കാക്കാൻ ഒരു സർവേ തന്നെ അനിവാര്യമാണ്.
ആക്ടിവിസ്റ്റുകൾ, സന്നദ്ധ പ്രവർത്തകർ, സേവന പ്രവർത്തകർ സ്കീം, കോൺട്രാക്ട് തുടങ്ങി പല പേരുകൾ തൊഴിലാളികളുടെ മേൽ ചാർത്തി ഈ ചൂഷണത്തിനു മറ പിടിക്കുകയാണ്. അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദനീയമാണെന്നും അത് നൽകണമെന്നും അടുത്തകാലത്തുണ്ടായ കോടതിവിധി ശ്രദ്ധേയമാണ്. അതിന്റെ അടിസ്ഥാനത്തിൽ ആശാപ്രവർത്തകരെന്നും ആക്ടിവിസ്റ്റുകളെന്നും സ്കീം തൊഴിലാളികളെന്നും എന്ന പേര് നൽകി ജോലി ചെയ്യിക്കുന്നവരെയും തൊഴിലാളികളായി പരിഗണിച്ച് നിയമപരമായ ആനുകൂല്യങ്ങൾ നൽകേണ്ടത് തന്നെയാണ്.
നിശ്ചിത വേതനത്തോടൊപ്പം തൊഴിലാളികളുടെ ക്രയശേഷിയും ഉല്പാദനക്ഷമതയും നിലനിർത്തുന്നതിന് ആവശ്യമായ ക്ഷാമബത്ത പ്രതിഫലം നല്‍കുന്ന എല്ലാ തലങ്ങളിലും അനിവാര്യമായി നടപ്പിലാക്കേണ്ടതാണ്. ക്ഷാമബത്ത നിർണയിക്കുന്നതിന് അവലംബിക്കുന്ന മാർഗം മിനിമം വേജസ് നിയമത്തിലെ മിനിമം റേറ്റ് ഓഫ് വേജസ് നിർണയിക്കുന്ന രീതി വ്യക്തമാക്കുന്നിടത്ത് പറയുന്നുണ്ട്. ബന്ധപ്പെട്ട സർക്കാരുകൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വിവക്ഷിക്കുന്നു. നിലവിലെ ജീവിതവില സൂചികയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഇത് നിർണയിക്കേണ്ടത്. സമയാ സമയം, ചുമതലപ്പെടുത്തപ്പെട്ട അധികാരി കുടുംബ സർവേയും അവശ്യവസ്തുക്കളുടെയും ഓരോ കുടുംബത്തിനും ആവശ്യമായി വരുന്ന എല്ലാവിധ സാധനസാമഗ്രികളുടെയും മൂല്യനിർണയവും നടത്തി അത് പ്രകാരമാണ് സൂചിക നിർണയിക്കുന്നത്. കേന്ദ്ര പേ കമ്മിഷൻ സ്വീകരിക്കുന്നത് പോലെ ഇവിടെയും ഒരു നിശ്ചിത നിലവാരം വരെ അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ച് സ്വീകരിക്കുന്ന നടപടിയും പ്രാബല്യത്തിലുണ്ട്.
കേരള സംസ്ഥാനത്ത് ഇപ്പോൾ കുടുംബ സർവേ നടന്നുകൊണ്ടിരിക്കുകയാണ്. 17 കേന്ദ്രങ്ങളിലായി ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 7,920 കുടുംബങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സർവേയാണിത്. തൊഴിലാളി കുടുംബങ്ങളുടെ ജീവിത ചെലവിനെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ ഉപഭോക്തൃ വില സൂചികകൾ നിർണയിക്കാൻ ഈ സർവേ കൊണ്ട് കഴിയും. ഒരു സർക്കാർ ഉത്തരവ് പ്രകാരം രൂപീകൃതമായ സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കുടുംബ ബജറ്റ് സർവേ നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് പുറമേ തൊഴിലുടമ, തൊഴിലാളി പ്രതിനിധികളും ട്രേഡ് യൂണിയൻ ഭാരവാഹികളും ഉൾപ്പെടുന്ന 21 അംഗ കമ്മിറ്റിയാണ് നിലവിൽ സർവേ നടത്തുന്നത്.
വരുമാനം, വീടിന്റെ അവസ്ഥ, സൗകര്യങ്ങൾ തുടങ്ങി കുടുംബം ദൈനംദിനം ഉപഭോഗം ചെയ്യുന്ന എല്ലാ സാധന സേവന സാമഗ്രികളുടെയും അളവും മൂല്യവും ഉൾപ്പെടെ സമഗ്ര വിവരശേഖരണം നടത്തിയാണ് സൂചിക നിശ്ചയിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള വിവിധ സംവിധാനങ്ങൾ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നിലവിലുണ്ട്. ഇതൊക്കെ നിലനിൽക്കുമ്പോഴും മിനിമം വേതനം പോലും നിഷേധിക്കുന്നത് വ്യാപകമാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത്, അതായത് സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിൽ ടെക്‌സ്റ്റൈല്‍ മേഖലയിൽ തുടങ്ങിയ ക്ഷാമബത്ത സമ്പ്രദായം ആധുനിക കാലത്തിൽ നിഷേധിക്കപ്പെടുന്നതിനുള്ള നിരവധി നിയമവിരുദ്ധ മാർഗങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരായ ഉജ്വലമായ പോരാട്ടവും ആശയപ്രചരണവും തൊഴിലാളികള്‍ക്കിടയിൽ ബോധവൽക്കരണവും അനിവാര്യമാണ്.

