Site iconSite icon Janayugom Online

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്.

വാടകയ്ക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കോട്ടക്കൽ സ്വദേശി ഹംസത്ത് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയ്ക്ക് മതിയായ ചികിത്സ നൽകിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. വീട്ടിലെ പ്രസവത്തിന് ശേഷം കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പിൻറെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹറീറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും വിവരമുണ്ട്.

Exit mobile version