Site iconSite icon Janayugom Online

ചുമ മരുന്ന് കഴിച്ച് കുട്ടികളുടെ മരണം; മരുന്ന് നിര്‍മ്മാണത്തില്‍ 350 പിഴവുകള്‍

ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മരുന്ന് നിര്‍മ്മാണ പ്രക്രിയയില്‍ 350 പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. മലിനമായ പരിസരമാണെന്നും ഗുണനിലവാര പരിശോധനാ സംവിധാനം തന്നെ നിലനില്‍ക്കുന്നില്ലെന്നും കണ്ടെത്തി.
രാജ്യം മുഴുവന്‍ വിതരണം ചെയ്തിരുന്ന മരുന്ന് നിര്‍മ്മിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍ ചെറിയ ഒരു മുറിയിലായിരുന്നു. 

ഗുണനിലവാരം പരിശോധിക്കാനോ വെള്ളം ശുദ്ധീകരിക്കാനോ ഉള്ള സംവിധാനങ്ങളും നിര്‍മ്മാണ യൂണിറ്റില്‍ ഇല്ലായിരുന്നു. വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നില്ല മരുന്ന് നിര്‍മ്മാണമെന്നും അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും കമ്പനി പാലിച്ചിരുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ഇന്‍വോയ്സുകള്‍ ഇല്ലാതെ 50 കിലോഗ്രാം പ്രൊപിലീന്‍ ഗ്ലൈക്കോള്‍ കമ്പനി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പരിശോധനയ്ക്ക് ശേഷം കമ്പനി അടച്ചുപൂട്ടി സീല്‍ ചെയ്തു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികളാണ് ഇതുവരെ മരിച്ചത്. നിരവധി കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 

അതേസമയം വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. 

ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. കൂടാതെ ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഗൗരവ് ശർമ്മ (ചിന്ദ്വാര), ശരദ് കുമാർ ജെയിൻ (ജബൽപൂർ), എന്നിവർക്കും ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് കോസ്റ്റയ്ക്കെതിരെയും നടപടിയെടുത്തു. കൂടുതൽ കുട്ടികളുടെ മരണം തടയുന്നതിനുള്ള അടിയന്തരമായ നടപടികൾ എടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. മരുന്ന് നൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് കൂടി നടത്തിവരുകയായിരുന്നു. ഉത്തരവാദികൾ കർശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version