Site iconSite icon Janayugom Online

ഡിസിസി ട്രഷററുടെ മരണം; കോൺഗ്രസ് നേതാക്കൾ 17 ലക്ഷം തട്ടി

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണ കാരണം ബാങ്ക് നിയമന ഇടപാടുമായി ബന്ധപ്പെട്ട പാർട്ടി നേതൃത്വത്തിന്റെ അഴിമതിയാണെന്ന ആരോപണം കൂടുതല്‍ ശക്തമായി. നെന്മേനിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. കോളിയാടി ചെമ്പകച്ചുവട് താമരച്ചാലിൽ ഐസക്കാണ് ആരോപണവുമായി രംഗത്തെത്തിയത്. പരാതിപ്പെട്ടപ്പോള്‍ ഇതിൽ എട്ടര ലക്ഷം തിരികെ ലഭിച്ചതായും പറയുന്നു.
ചെതലയത്തെ ഒരു ബാങ്കിൽ മകന് ക്ലാർക്കായി നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് രണ്ട് തവണകളിലായി 12 ലക്ഷം രൂപയും അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷവുമടക്കം 17 ലക്ഷം രൂപ കോൺഗ്രസ് നേതാക്കൾ വാങ്ങിയത്. പാർട്ടി നേതൃത്വത്തിന് നൽകാനാണെന്ന് പറഞ്ഞാണ് തുക വാങ്ങിയതെന്ന് ഐസക്ക് പറഞ്ഞു. 

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന് ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പറയുന്നത്. 2013ൽ നാല് ലക്ഷവും 2014ൽ എട്ട് ലക്ഷവും, 2019 ൽ അഞ്ച് ലക്ഷവുമാണ് നൽകിയത്. ജോലി ലഭിക്കാതെ വന്നതോടെ പണം വാങ്ങിയ നേതാക്കളെ സമീപിച്ചപ്പോൾ കേന്ദ്രഭരണം മാറിയതിനാൽ ജോലി കിട്ടാൻ സാധ്യതയില്ലെന്നും അർബൻ ബാങ്കിൽ പ്യൂണായി ജോലി നൽകാമെന്നും പറഞ്ഞാണ് അഞ്ചുലക്ഷം കൂടി വാങ്ങിയത്. എന്നാൽ അധികയോഗ്യതയുള്ളതിനാൽ പ്യൂൺ പോസ്റ്റിലേക്ക് പരിഗണിച്ചില്ല. അതിനിടെയാണ് അർബൻ ബാങ്കിൽ പുതിയ ഭരണസമിതി വന്നത്. ഇതോടെ കോൺഗ്രസിലെ ഒരു വിഭാഗം നിയമനവുമായി ബന്ധപ്പെട്ട് ആരോപണമായി രംഗത്തുവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് കെപിസിസി നേതൃത്വം അന്വേഷണ കമ്മിഷനെ വച്ചു. ബാങ്ക് കോഴ ആരോപണവുമായി ബന്ധപ്പെട്ട ചിലരെ പാർട്ടി പുറത്താക്കുകയും ചെയ്തു. 

അർബൻ ബാങ്കിലും ജോലി കിട്ടാതായപ്പോൾ ഐസക്ക് പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്ന നിലക്ക് അഡ്വ. ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലും പരാതി നൽകി. മകന് ജോലി കിട്ടുമെന്ന് കരുതി സ്ഥലം വിറ്റാണ് പണം നൽകിയത്. പാർട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയനായ ഒരാളുടെ മധ്യസ്ഥതയിലാണ് പിന്നീട് 8,60,000 രൂപ തിരിച്ചുകിട്ടിയത്. ബാക്കി തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ വിവരം പുറത്തുപറയാതിരുന്നതെന്ന് ഐസക്ക് പറഞ്ഞു.

Exit mobile version