Site icon Janayugom Online

ഫാത്തിമ ലത്തീഫിന്റെ മരണം; നേരറിയാതെ കുടുംബം

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. നേരറിയാന്‍ സിബിഐ രംഗത്തെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്ര ഏജന്‍സിക്കായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരുകളി‍ല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരുക്കത്തിലാണ് ഫാത്തിമയുടെ കുടുംബവും അഭ്യുദയകാംക്ഷികളും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് ധര്‍ണ നടത്തും. മുഖ്യമന്ത്രിയെ കണ്ട ശേഷം ഭാവി സമര പരിപാടികള്‍ തീരുമാനിക്കുമെന്ന് പിതാവ് ലത്തീഫ് അറിയിച്ചു. 11ന് ചെന്നൈയിലെത്തി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാനും ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് എംഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2019 നവംബര്‍ ഒന്‍പതിനാണ്.

ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ എന്നായിരുന്നു കോളജ് അധികൃതരുടെയും പൊലീസിന്റെയും ഭാഷ്യം. ഫാത്തിമയുടെ സഹോദരി ഐഷ ലത്തീഫും കുടുംബസുഹൃത്തുക്കളും ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്കായി എത്തിയപ്പോഴാണ് ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ ശ്രദ്ധയില്‍പ്പെടുന്നതും ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുന്നതും. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകനാണെന്ന കുറിപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. സ്ക്രീന്‍ സേവറില്‍ നിന്നാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്. ആദ്യ സെമസ്റ്റര്‍ പരീക്ഷ ഡിസംബറില്‍ നടക്കാനിരിക്കവെയാണ് ഫാത്തിമയുടെ മരണം. ലോജിക് സബ്‌ജക്ടിലെ ക്ലാസ് പരീക്ഷയില്‍ 20ല്‍ 13 മാര്‍ക്ക് വാങ്ങിയ ഫാത്തിമ ടോപ്പറായിരുന്നു. 18 മാര്‍ക്കിനുള്ള ഉത്തരം എഴുതിയത് ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ക്ക് ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നു.

ഇന്റേണല്‍ മാര്‍ക്ക് കുറച്ചതിന് പരാതിപ്പെട്ടതിന് പിന്നാലെ കടുത്ത അവഗണനയാണ് ഫാത്തിമയ്ക്ക് കോളജില്‍ നേരിടേണ്ടിവന്നത്. അധ്യാപകന്റെ മാനസിക പീഡനത്തിന് പുറമെ മതപരമായ വേര്‍തിരിവും നേരിടേണ്ടിവന്നതായി ബന്ധുക്കള്‍ പറയുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ലോക്കല്‍ പൊലീസില്‍ നിന്ന് ചെന്നൈ സിറ്റി പൊലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്‌ഷായുടെ നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. 21 മാസം സിബിഐ അന്വേഷണം നടത്തിയെങ്കിലും ദുരൂഹത നീക്കാനായിട്ടില്ല. എട്ട് മാസം മുമ്പ് സിബിഐ സംഘം ഫാത്തിമയുടെ കിളികൊല്ലൂരിലുള്ള വസതിയിലെത്തി ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചതൊഴിച്ചാല്‍ കേസിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ലത്തീഫ് പറഞ്ഞു.

Eng­lish Sum­ma­ry: Death of Fati­ma Latif; fam­i­ly await­ing for her information

You may like this video also

Exit mobile version