Site iconSite icon Janayugom Online

ഫാത്തിമ നിദയുടെ മരണം; ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു

ദേശീയ സൈക്കിൾ പോളോ താരവും അമ്പലപ്പുഴ സ്വദേശിയായ ഫാത്തിമാ നിദയുടെ മരണം സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു. കുട്ടിയുടെ ചികിത്സയിൽ സംഭവിച്ച പിഴവാണ് മരണകാരണമായി പിതാവ് ഷിഹാബുദീൻ അടക്കം ഉന്നയിക്കുന്നത്. കേരള സൈക്കിൾ പോളോ ടീമിലെ 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധയെന്ന സാധ്യതയെ തള്ളുകയാണ് ഫാത്തിമ നിദയുടെ കുടുംബം. ചികിത്സാ പിഴവാണ് മരണകാരണമായി കുടുംബം സംശയിക്കുന്നത്. 

അസോസിയേഷനുകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കണം. ഇനിയൊരു കായിക താരത്തിനും തന്റെ മകളുടെ ഗതി വരരുതെന്ന് ഷിഹാബുദീൻ പറയുന്നു. നിദയുടെ മരണകാരണം ഇനിയും വ്യക്തമല്ല. മകൾക്ക് നീതി ലഭിക്കും വരെ നിയമനടപടികളുമായി മുന്നോട്ടുപോകണം. ഇത്തരം സംഭവങ്ങളിൽ ആദ്യത്തെ ഇരയല്ല തന്റെ മകൾ നിദയെന്നും ഷിഹാബുദീൻ പറഞ്ഞു. അമ്പലപ്പുഴ സ്വദേശിയാണ് ഈ 10 വയസുകാരി. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കൂ. രാജ്യത്തെ മൂന്ന് പ്രമുഖ ലാബുകളിലേക്കാണ് നിദയുടെ രക്തസാമ്പിളുകൾ അയച്ചിരിക്കുന്നത്. 

മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതികളാണെന്നും ടീമിന് താമസ-ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്നും ആരോപണം ഉണ്ടായിരുന്നു. അസോസിയേഷനുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ കോടതി ഉത്തരവിൽ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകണമെന്നല്ലാതെ അവർക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നുമാണ് ദേശീയ ഫെഡറേഷൻ ഭാരവാഹികൾ അന്ന് ന്യായീകരിച്ചത്.

Eng­lish Summary;Death of Fati­ma Nida; Rel­a­tives are plan­ning legal action
You may also like this video

Exit mobile version