Site iconSite icon Janayugom Online

ഐബി ഉദ്യോഗസ്ഥയുടെ മരണം: ആരോപണവിധേയന് പൊലീസ് സഹായം

വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുകേഷ് ഒരാഴ്ചയോളം ഒളിവില്‍ക്കഴിഞ്ഞത് പാലക്കാട് ജില്ലയില്‍. ടൂറിസ്റ്റ് കേന്ദ്രമായ കൊല്ലങ്കോട്ട് സുകാന്ത് സുകേഷ് താമസിക്കുന്ന വിവരം ലഭിച്ചിട്ടും പൊലീസ് അയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കാെല്ലങ്കോട് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നെന്മേനിയിലെ സ്വകാര്യ റിസോർട്ടിലാണ് ഇയാള്‍ രണ്ട് ദിവസം താമസിച്ചത്. സമൂഹമാധ്യമങ്ങളിലും, ടിവി ചാനലുകളിലും ഫോട്ടോയും, വാർത്തകളും കണ്ട് ആളെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിവരം നൽകിയിട്ടും പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല. പൊലീസ് എത്തുമെന്ന വിവരം ചോർന്നുകിട്ടിയപ്പോൾ രായ്ക്കുരാമാനം ബന്ധുവായ ചാവക്കാട് സ്വദേശിയുടെ മുതലമടയിലെ തോട്ടത്തിലേക്ക് ഇയാള്‍ താമസം മാറ്റുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ സ്ഥിരീകരിക്കുന്നു. നെന്മേനിയിലെ സ്വകാര്യ റിസോർട്ടിലെ സിസിടിവി പരിശോധിച്ച് ഉറപ്പുവരുത്തിയ പൊലീസ് തോട്ടത്തിലെത്തിയപ്പോഴേക്കും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു. 

ആരോപണവിധേയനെ പിടികൂടി ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസ് ഉദാസീനത കാണിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തോട്ടം ഉടമയും ചാവക്കാട് സ്വദേശിയുമായ ബന്ധുവിന് പൊലിസിലെ ചില ഉന്നതരുമായുള്ള ബന്ധമാണ് സുകാന്തിന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് എന്നാണറിയുന്നത്. ഈ സംഭവത്തിൽ കൊല്ലങ്കോട് പൊലിസിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ഐബിയിലെ പ്രൊബേഷണറി ഓഫിസറാണ് മലപ്പുറം സ്വദേശി സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. സുകാന്തുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാൾ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേട്ട സിഐക്കാണ് മൊഴി നൽകിയത്. 

മേഘയുടെ മരണം അന്വേഷിക്കുന്നതിൽ പൊലിസിന് വീഴ്ച പറ്റിയതായി അച്ഛൻ മധുസൂദനൻ നേരത്തെ ആരോപിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലിസിന് കഴിഞ്ഞില്ല. സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. മേഘ മരിക്കുമ്പോൾ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് 80 രൂപ മാത്രമായിരുന്നുവെന്നും, ഫെബ്രുവരിയിൽ കിട്ടിയ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും മധുസൂദനൻ വെളിപ്പെടുത്തിയിരുന്നു. 

Exit mobile version