Site icon Janayugom Online

മഹ്‌സ അമിനിയുടെ മരണം; പ്രതിഷേധിച്ച മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍

മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി.

മാജിദ് കസേമി, സാലാ മിര്‍ഹഷമി, സയീദ് യഗൗബി എന്നിവരെയാണ് ഭരണകൂടം കൊലപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ അറസ്റ്റിലായ ഇവര്‍ക്കെതിരെ ജനുവരിയിലാണു വിധിയുണ്ടായത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മഹ്‌സ അമിനി മരിക്കുന്നത് ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് കാണിച്ച് മഹ്‌സ അമിനിയെ മതപൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമിനിയുടെ മരണം. സംഭവത്തെ തുടര്‍ന്ന് രാജ്യത്തും പുറത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പൊലീസ് വെടിവച്ചതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

eng­lish sum­ma­ry; Death of Mah­sa Ami­ni; Iran hangs three youths who protested

you may also like this video;

Exit mobile version