മുൻ മിസ് കേരള മരണപ്പെട്ട കേസിൽ ദുരൂഹത വർദ്ധിക്കുന്നു. സി സി ടി വി ദൃശ്യങ്ങൾ ഒളിപ്പിച്ചത് ഹോട്ടലിന്റെ ലൈസൻസ് ഇല്ലാതാകുമെന്ന ഭയത്തിലാണെന്ന് ഫോര്‍ട്ട് കൊച്ചിയിലെ നം 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് പറഞ്ഞതായി പൊലീസ്. അപകടത്തിൽപെട്ട കാറിനെ പിന്തുടർന്നത് മദ്യപിച്ചു വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകാനാണെന്നും റോയ് പറഞ്ഞതായി പൊലീസ്. അപകടം നടക്കുന്നതിന് മുൻപ് ഇവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഹോട്ടലുടമ പൊലീസിന് കൈമാറി. എന്നാൽ എല്ലാ ഡിവിആറുകളും കൈമാറിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്തെയും ദൃശ്യങ്ങളാണ് ലഭ്യമല്ലാത്തത്. മുഴുവൻ ഡിവിആറുകളും ഹാജരാക്കണമെന്ന് പൊലീസ് ‘നമ്പർ 18’ ഹോട്ടലുടമ റോയി വയലാട്ടിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെ നിരവധി തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. നടപടി വൈകുന്നതിൽ ഡിജിപി കമ്മീഷണറോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഡിജിപിയുടെ താക്കീതിന് പിന്നാലെയാണ് ഇന്ന് ഹാജരാക്കാൻ റോയ്ക്ക് നോട്ടീസ് നൽകിയത്. മോഡലുകൾ മരിച്ച അപകട സ്ഥലത്ത് റോയി എത്തിയിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തിൽ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ശ്രമിക്കുന്നത്.
റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന ഷൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, അമിതവേഗത്തില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ പിന്നാലെ പോയതെന്നാണ് ഷൈജു പൊലീസിനോട് പറഞ്ഞത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാര്‍ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ.അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ മുഹമ്മദ് ആഷിഖ് പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്നയാളിന്റെയും മറ്റ് രണ്ടു പേരുടെയും മൊഴികളിൽ വൈരുധ്യം പ്രകടമാണ്. വീണ്ടും ഇവരെയെല്ലാം ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ENGLISH SUMMARY:Death of models; Suspicion increases in car accidents
You may also like this video