ഗാസയില്‍ ഹമാസ് തടവിലാക്കിയ നേപ്പാളി വിദ്യാര്‍ത്ഥി ബിപിന്‍ ജോഷി മരിച്ചതായി ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ബിപിന്‍ ജോഷിയുടേത്. കിബ്ബട്ട്‌സ് അലുമിംലെ കാര്‍ഷിക പരിശീലന പരിപാടിക്കായി നേപ്പാളില്‍ നിന്ന് ഇസ്രയേലില്‍ എത്തിയതായിരുന്നു. ഗാസയില്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഇസ്രയേലി അല്ലാത്ത ഏക ബന്ദിയായിരുന്നു ബിപിന്‍ ജോഷി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച രാത്രി വൈകി ഹമാസ് ഇസ്രായേലി അധികൃതര്‍ക്ക് കൈമാറിയതായി നേപ്പാള്‍ അംബാസഡര്‍ ധന്‍ പ്രസാദ് പണ്ഡിറ്റ് സ്ഥിരീകരിച്ചു.
ബിപിന്‍ ജോഷിയുടേത് ഉള്‍പ്പെടെ നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കിയതായി ഇസ്രയേലി സൈനിക വക്താവ് എഫി ഡെഫ്രിനും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നേപ്പാളിലേക്ക് തിരികെ അയയ്ക്കുന്നതിന് മുമ്പ് ഡിഎന്‍എ പരിശോധന നടത്തും. നേപ്പാളി എംബസിയുമായി ചേര്‍ന്നുള്ള ഏകോപനത്തിന് ശേഷം, അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇസ്രയേലില്‍ വച്ച് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് ബിപിന്‍ ജോഷി കാര്‍ഷിക പഠന-പരിശീലന പരിപാടിക്കായി 16 നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലിലെ കൃഷിരീതികളില്‍ പ്രായോഗിക പരിശീലനം നേടാന്‍ ഈ സംരംഭം നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ബിപിന്‍ ജോഷിയുടെ മോചനത്തിനായി അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും കാഠ്മണ്ഡു, ഇസ്രയേല്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ പലതവണ സന്ദര്‍ശിച്ചിരുന്നു.
ഹമാസ് തടവിലാക്കിയ നേപ്പാള്‍ വിദ്യാര്‍ത്ഥിയുടെ മരണം സ്ഥിരീകരിച്ചു

