കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കികൊണ്ടുള്ള മുതിര്‍ന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഡിയോ സന്ദേശം എൻ എം വിജയന്റെ കുടുംബം പുറത്തുവിട്ടു.
എംഎൽഎ ടി സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് എൻ എം വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. കോൺഗ്രസ് നേതാക്കളിൽ നിന്ന് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിനുണ്ടായ ബാധ്യത തീർക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതിനെതിരെ വിജയന്റെ മകനും മകന്റെ ഭാര്യയും തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്.
രാഷ്ട്രീയത്തിലെ തരികിടപണി എനിക്ക് ഇഷ്ടമല്ലെന്ന ആമുഖത്തോടെയാണ് പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തികൊണ്ടുള്ള ഓഡിയോ സന്ദേശം. വിജയന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുന്നു. എൻ എം വിജയന്റെ കുടുംബം പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കുന്ന തിരുവഞ്ചൂർ ടി സിദ്ദീഖ് പറഞ്ഞ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും വെളിപ്പെടുത്തുന്നു. പാർട്ടിയെ വിശ്വസിച്ച താൻ ഇപ്പോൾ കുഴിയിൽ ചാടുകയാണെന്നും ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. എഗ്രിമെന്റ് പാലിക്കാൻ വേണ്ടിയാണ് ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു.
സണ്ണി ജോസഫ് സാറിനെ വിളിച്ച് കാര്യം പറയൂ എന്ന് വിജയന്റെ മകൻ തിരുവഞ്ചൂരിനോട് പറയുന്ന ശബ്ദ സന്ദേശത്തിന് മറുപടിയായി ” ഒരു കാര്യം പറയാം പാർട്ടി നേതൃത്വത്തിന്റെ ഒളിച്ചുകളി എനിക്ക് ഇഷ്ടമല്ല. ഞാൻ രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയത്തിലെ തരികിടപണി എനിക്ക് ഇഷ്ടമല്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം, പറയുന്ന കാര്യത്തിൽ നിശ്ചയം വേണം. ഒരാൾ ഒരു പരാതി പറഞ്ഞാൽ കേൾക്കണം. നമ്മൾ പറയുന്നത് ഇഷ്ടമല്ല. പിന്നെ എന്തിനാണ് ഞാൻ പറയുന്നത്” തിരുവഞ്ചൂര്‍ ചോദിക്കുന്നു. സമിതിയിൽ സാറും ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് സമിതിയിലൊക്കെയുണ്ട് എന്നാണ് തിരുവഞ്ചൂരിന്റെ മറുപടി.
എന്തെങ്കിലും വീഴ്ചയുണ്ടായാൽ വിളിച്ച് ശാന്തമായി സംസാരിക്കുകയാണ് വേണ്ടത്. ഇത് കൊടുക്കാമെന്ന് പറഞ്ഞ തുകയാണ്. ഇത് നടപ്പാകാതെ വന്നതോടെ അവിടെ തന്നെ പോയി. കൊടുക്കാൻ തീരുമാനിച്ച തുക കൊടുക്കണം. നാട്ടുകാരുടെ കണ്ണീര് കാണാൻ ഞാനില്ല. സെറ്റിൽമെന്റ് കൃത്യമായി പാലിക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ പറയുന്നു.
കരാറിന്റെ ഫോട്ടോ കോപ്പി എന്ത് കൊണ്ട് എടുത്തില്ലെന്ന എന്ന തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മറുപടിയായി ഫോട്ടോ കോപ്പി എടുക്കരുതെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടുവെന്നും വിജയന്റെ മരുമകൾ പത്മജ പറയുന്നുണ്ട്. വിജയന്റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
എൻ എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കി തിരുവഞ്ചൂരിന്റെ ശബ്ദരേഖ

