Site iconSite icon Janayugom Online

റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി

ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും.

വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നുളള അന്വേഷണത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്.

പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം രാവിലെ 11ഓടെയാണ് പുറത്തെടുത്തത്. തുടർന്ന് സബ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. രണ്ട് മാസം മുമ്പ് അടക്കം ചെയ്തതിനാൽ മൃതദേഹം പൂർണമായി ജീർണ്ണിച്ചിട്ടില്ലായിരുന്നു.

അതിനാൽ വിശദമായ പരിശോധനകൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ രാസ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാൻ വിട്ടുനൽകി.

Eng­lish summary;Death of Rifa Mehnu; Post­mortem completed

You may also like this video;

Exit mobile version