Site iconSite icon Janayugom Online

റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

ബ്ലോഗർ റിഫ മെഹ്നുവിന്റെ മരണം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് പൊലീസിന്റെ തീരുമാനം. റിഫയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ബ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനാവശ്യമായ നടപടി തുടങ്ങിയതായി കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ടി കെ അഷ്റഫ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, റിഫയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. തെളിവുകൾ ശേഖരിച്ച ശേഷം ഭർത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാസർകോട് നീലേശ്വരം സ്വദേശി മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തത്. മെഹ്നാസിനെതിരായ തെളിവ് പൊലീസിന് കൈമാറിയതായി റിഫയുടെ കുടുംബം അറിയിച്ചു. മെഹ്നാസും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജംഷാദും പറയുന്ന കാര്യങ്ങളിൽ സംശയമുണ്ടെന്നും ഇവർ മൊഴി നൽകി.

മൃതദേഹം ദുബായില്‍ വെച്ച് പോസ്റ്റ്മോർട്ടം നടത്തിയതായാണ് മെഹ്നാസ് റിഫയുടെ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന കാര്യം പുറത്തു വന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നതാണ്. മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിയിലെ ഫ്ളാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ENg­lish summary;Death of Rifa Mehnu; The body will be tak­en out and post­mortem will be done

You may also like this video;

Exit mobile version