Site iconSite icon Janayugom Online

സുബീന്‍ ഗാര്‍ഗിന്റെ മരണം; മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റിന്റെ മൊഴി

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി. സുബീന്‍ ഗാര്‍ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്തയും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമി മൊഴി നല്‍കിയിട്ടുണ്ട്. ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളാണ് ജ്യോതി ഗോസ്വാമി. കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.

കേസില്‍ സംഗീതജ്ഞന്‍ അമൃത്പറവ മഹന്തയെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ സിദ്ധാര്‍ത്ഥ് ശര്‍മയ്ക്കും ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സെപ്റ്റംബര്‍ 19ന് സ്കൂബാഡൈവിങ്ങിനിടെ സുബീന്‍ ഗാര്‍ഗ് മരിച്ചതായാണ് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഭാര്യ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില്‍ സംസ്‌കരിച്ചത്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version