വിഷം ഉള്ളിൽ ചെന്ന് ഡിസിസി ട്രഷറർ എൻ എം വിജയനും മകന്‍ ജിജേഷും മരിച്ച സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി കെ അബ്ദുൾ ഷരീഫിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എൻ എം വിജയൻ മരിക്കാനുണ്ടായ കാരണം, ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ, കുടുംബ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം അന്വേഷണം നടക്കും. ഇതിനകം തന്നെ നിരവധി പേരുടെ മൊഴികൾ അന്വേഷണസംഘം എടുത്തതായാണ് വിവരം. ജില്ലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു എൻ എം വിജയൻ. ആത്മഹത്യ ചെയ്തതിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മരണത്തിനു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്നും ഐ സി ബാലകൃഷ്ണന്‍ എംഎൽഎയുടെ പേരടക്കം ഉയർന്നു വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം. സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലും വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എംഎൽഎക്കെതിരെ ആരോപണമുയർന്നതോടെ ഉചിതമായ അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയിട്ടുള്ളത്.
സിപിഐയും സിപിഐ(എം)ഉം ഇതിനോടകം എൻ എം വിജയന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. സിപിഐ(എം) ഇന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ആരോപണങ്ങൾ ഐ സി ബാലകൃഷ്ണൻ എംഎൽഎ നിഷേധിച്ചിട്ടുണ്ടെങ്കിലും തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുത പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഇദ്ദേഹം കത്തു നൽകും. മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസിക്ക് കത്തു നൽകുമെന്ന് ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.