Site iconSite icon Janayugom Online

കാട്ടാക്കടയിലെ യുവതിയുടെ മരണം; കായികാധ്യാപകനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കായികാധ്യാപകനായ ഭർത്താവ് അറസ്റ്റിൽ. വീരണകാവ് സ്വദേശിനി ദീപമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് സിബി അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെ നിരന്തര പീഡനം കാരണമാണ് ദീപമോൾ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി.

പന്നിയോട് വീരണകാവ് മണ്ണാവിളയിലെ മണിയൻ‑രാജേശ്വരി ദമ്പതികളുടെ മകളായ ദീപമോൾ കഴിഞ്ഞ മാസം എട്ടിനാണ് ഭർതൃസഹോദരിയുടെ വീട്ടിൽ ആത്മഹത്യ ചെയ്തത്. 2015ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സിബി ദീപയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. 40 പവൻ സ്വർണമടക്കം എല്ലാം വിറ്റ് നശിപ്പിച്ചെന്നും, സിബിയുടെ പീഡനം സംബന്ധിച്ച് മുൻപും പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ദീപയുടെ മാതാപിതാക്കൾ പറഞ്ഞു.

ദീപ ആത്മഹത്യ ചെയ്ത ദിവസം മൃതദേഹം കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം സിബി ഒളിവിൽ പോയിരുന്നു. ദീപയുടെ ബന്ധുക്കളെ ഈ വിവരം യഥാസമയം അറിയിച്ചില്ലെന്നും പരാതിയുണ്ട്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് വിശദമായ അന്വേഷണം നടത്തി സിബിയെ പിടികൂടുകയായിരുന്നു.

Exit mobile version