Site icon Janayugom Online

വധശിക്ഷ വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം തൂക്കുമരം വിധിച്ചത് 165 പേര്‍ക്ക്

രാജ്യത്ത് വധശിക്ഷകള്‍ വര്‍ധിക്കുന്നതായി കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം വിചാരണക്കോടതികള്‍ വിധിച്ചത് 165 വധശിക്ഷകളായിരുന്നു. 20 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ കണക്കാണിത്. 2022ല്‍ വധശിക്ഷ വിധിച്ചതില്‍ 38 പേരും അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതികളാണ്. അതേസമയം വധശിക്ഷയില്‍ ഭൂരിപക്ഷവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (എന്‍എല്‍യു) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 39എയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പ്രോജക്ട് തയ്യാറാക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ വധശിക്ഷയുടെ ചട്ടക്കൂട് പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 1980കള്‍ക്കു ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. സ്വമേധയാ എടുത്ത കേസിലായിരുന്നു സുപ്രീം കോടതി നടപടി. വധശിക്ഷയുടെ ചട്ടക്കൂടിലെ ഏകീകരണമില്ലായ്മയെ സുപ്രീം കോടതി പ്രത്യേകം എടുത്തുകാട്ടിയിരുന്നു. വധശിക്ഷ വിധിക്കുന്നതിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും ഒരു കുറ്റവാളിക്ക് ‘യഥാർത്ഥവും ഫലപ്രദവും അർത്ഥവത്തുമായ’ ശിക്ഷാവിധി ഉറപ്പാക്കുന്നതിന് ഭരണഘടനാ ബെഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. 

2022ല്‍ വിധിച്ച 165 വധശിക്ഷകളില്‍ 51.28 ശതമാനവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ്.
2022 അവസാനം ആകുമ്പോഴേക്കും രാജ്യത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 539 ആയി ഉയര്‍ന്നു. 2016ല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലംമുതല്‍ക്കുള്ള ഏറ്റവും വലിയ നിരക്കാണിത്. 2015മായി താരത്യമപ്പെടുത്തുമ്പോള്‍ ആകെ വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 

വിചാരണക്കോടതികൾ ചുമത്തിയിട്ടുള്ള വധശിക്ഷകളുടെ എണ്ണം മാത്രമല്ല, അപ്പീൽ കോടതികൾ വധശിക്ഷാ കേസുകൾ തീർപ്പാക്കുന്നതിനുള്ള കുറഞ്ഞ നിരക്കും ഈ വര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഹൈക്കോടതികള്‍ 68 കേസുകളിലും സുപ്രീം കോടതി 11 കേസുകളിലുമാണ് തീര്‍പ്പുകല്‍പ്പിച്ചത്. മൂന്ന് കേസുകളിലായി അഞ്ച് പേരുടെ വധിശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ആറ് കേസുകളിലായി എട്ട് തടവുകാരുടെ വധശിക്ഷ ഇളവ് ചെയ്യുകയും രണ്ട് കേസുകളിലായി രണ്ട് തടവുകാരുടെ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. 2020ല്‍ വധശിക്ഷ വിധിച്ച കുറ്റവാളികളുടെ എണ്ണം ഏറ്റവും താഴ്ന്ന നിരക്കായ 77 ആയിരുന്നുവെന്ന് എൻ‌എൽ‌യുവിലെ പ്രൊഫ. അനുപ് സുരേന്ദ്രനാഥ് പറയുന്നു. എന്നാല്‍ ഇതിനു ശേഷം ഉയർന്ന തോതിലുള്ള വധശിക്ഷകൾ പുനരാരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Death penal­ty increas­es; Last year, 165 peo­ple were hanged

You may also like this video

Exit mobile version