Site icon Janayugom Online

യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ; സിഐക്കെതിരെ കൊലവിളിയുമായി ബിജെപി നേതാക്കൾ, കേസെടുത്തു

പൊലീസിനെതിരേ കൊലവിളി പ്രസംഗവുമായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാർ. മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദിച്ചെന്നാരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ചിലാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെത്തിയ വൈഷ്ണവേഷിനെ നടക്കാവ് സിഐ ജിജീഷ് മർദിച്ചെന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാർച്ച് കമ്മീഷണർ ഓഫീസിന് മുന്നിലായി പൊലീസ് തടഞ്ഞപ്പോഴാണ് ജില്ലാ ജനറൽ സെക്രട്ടറിമാരുടെ കൊലവിളി പ്രസംഗം. ജിജീഷിന് യൂണിഫോമിന്റെ ബലം ഉള്ളതുകൊണ്ടുമാത്രമാണ് ഇന്ന് ജീവനോടെ ഇരിക്കുന്നതെന്നും അല്ലായിരുന്നെങ്കിൽ സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ ജിജീഷിന്റെ ശവം കോഴിക്കോട്ടെ തെരുവിൽ നിന്ന് കണ്ടെത്തുമായിരുന്നുവെന്ന് ടി റെനീഷ് പറഞ്ഞു.

സംഭവം അവസാനിപ്പിക്കാൻ തങ്ങൾക്ക് വലിയ സമയത്തിന്റെ ആവശ്യമില്ലെന്നും ഒന്നോ രണ്ടോ പ്രവർത്തകർ ആറ് മാസം ജയിലിൽ കിടക്കാൻ തീരുമാനിച്ചാൽ അവസാനിക്കുന്നതാണ് ജിജീഷിന്റെ അഹങ്കാരമെന്നും കോർപറേഷൻ കൗൺസിലർ കൂടിയായ റെനീഷ് പറഞ്ഞു. കേരളത്തിലെ സെൻട്രൽ ജയിലുകളിൽ ബിജെപി പ്രവർത്തകർ കിടക്കുന്നത് മാങ്ങ പറിക്കാൻ പോയിട്ടല്ല. കിട്ടുന്നത് സ്നേഹമായാലും തല്ലായാലും തിരിച്ചു കൊടുത്തിട്ടേ ഈ പ്രസ്ഥാനത്തിന് ശീലമുള്ളൂ എന്നും റെനീഷ് പറഞ്ഞു. അതേസമയം സിഐയുടെ കൈ വെട്ടുമെന്നാണ് മറ്റൊരു ജനറൽ സെക്രട്ടറിയായ മോഹനൻ മാസ്റ്റർ പറഞ്ഞത്.

Eng­lish Sum­ma­ry: Death threat against nadakkavu ci, A case has been filed against BJP leaders
You may also like this video

Exit mobile version