Site iconSite icon Janayugom Online

ഹവായിലെ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67ആയി; ദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം

ഹവായിയിലെ മൗയിയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. വെള്ളിയാഴ്ചയാണ് 12 പേര്‍ കൂടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയിൽ കത്തിയമർന്നത്. ‘ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം’ എന്നാണ് വ്യാഴാഴ്ച ​ഗവർണർ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. തീപിടിത്തത്തെ വൻദുരന്തമായി അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന ലഹൈനയെയും കാട്ടുതീ വിഴുങ്ങിയിരുന്നു. ഇവിടെയുണ്ടായിരുന്ന താമസക്കാര്‍ക്ക് കാട്ടുതീക്ക് ശേഷം ആദ്യമായി ഇവിടേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ദശാബ്ദങ്ങള്‍‌ക്ക് ഇടയിലുണ്ടായ ഏറ്റവും രൂക്ഷമായ ദുരന്തമാണ് ഹവായിലുണ്ടായത്. 1960 ലെ സുനാമിയില്‍ 61 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതിലും രൂക്ഷമായ ആള്‍ നാശമുണ്ടായ 1946ലെ സുനാമിയേക്കാള്‍ രൂക്ഷമാണ് നിലവിലെ കാട്ടുതീയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാട്ടുതീ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് രക്ഷപ്പെട്ടവര്‍ വിശദമാക്കുന്നത്. അതിനാല്‍ തന്നെ കാട്ടുതീ തൊട്ട് അടുത്ത് എത്തിയപ്പോഴാണ് അറിഞ്ഞതെന്നാണ് ദ്വീപ് വാസികള്‍ പറയുന്നത്. ആയിരക്കണക്കിന് പേരെയാണ് ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. വൈദ്യുതി, ഇന്‍റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ ദ്വീപിൽ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ചൊവ്വാഴ്ച മൗയിയിൽ കുറഞ്ഞത് വലിയ നാല് കാട്ടുതീയെങ്കിലും പടർന്നതാണ് വൻദുരന്തത്തിന് കാരണമായത്.

Eng­lish sum­ma­ry; Death toll from Hawaii wild­fires ris­es to 67; The biggest dis­as­ter in the island’s history

you may also like this video;

Exit mobile version