വ്യാപാര കമ്മിയും വിദേശ കടഭാരവും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയുടെ അവസ്ഥയിലാകുമോയെന്ന ആശങ്കയിലാണ് ബംഗ്ലാദേശ്.
2021–22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസം 61.52 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 43.9 ശതമാനം കൂടുതലാണിത്. കയറ്റുമതിയിലും 32.9 ശതമാനം വര്‍ധന രേഖപ്പെടുത്തി.
വിദേശനാണ്യത്തിന്റെ പ്രധാന ശ്രോതസാണ് വിദേശത്തുള്ള ബംഗ്ലാദേശുകാര്‍ അയയ്ക്കുന്ന പണം. ഇതിലും ഈ വര്‍ഷം ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് മാസം കൊണ്ട് 20 ശതമാനം ഇടിഞ്ഞ് ഏഴ് ബില്യണ്‍ ഡോളറിലെത്തി.
ഇറക്കുമതിക്ക് തുല്യമായി കയറ്റുമതി നടത്തിയില്ലെങ്കില്‍ വ്യാപാര കമ്മി അപകടകരമായ രീതിയിലേക്ക് ഉയരുമെന്ന് ബംഗ്ലാദേശി ഇക്കണോമിസ്റ്റും ചിറ്റഗോങ് സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ മൗനുള്‍ ഇസ്‌ലാം പറഞ്ഞു. ഈ വര്‍ഷം ബംഗ്ലാദേശില്‍ 85 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടത്തി.
എന്നാല്‍ കയറ്റുമതിയാകാട്ടെ 50 ബില്യണ്‍ ഡോളര്‍ കടന്നിട്ടുമില്ല. 35 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി പണമയയ്ക്കൽ കൊണ്ട് മാത്രം നികത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ 48 ബില്യണ്‍ ഡോളറില്‍ നിന്ന് 42 ബില്യണ്‍ ഡോളറായി കുറഞ്ഞു. വരുന്ന മാസങ്ങളിലും സമാനമായ രീതിയിലുള്ള ഇടിവുണ്ടായാല്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുമെന്നും അദ്ദേഹം വിശദമാക്കി.
ഇറക്കുമതിയേക്കാള്‍ കയറ്റുമതി വര്‍ധിപ്പിക്കുകയും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്തുകയും വ്യാപാര കമ്മി കുറയ്ക്കുകയും ചെയ്തില്ലെങ്കില്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതി തകരാറിലാകുമെന്നും മൗനുള്‍ ഇസ്‌ലാം മുന്നറിയിപ്പ് നല്‍കുന്നു.
വന്‍കിട പദ്ധതികള്‍ക്കായി ഭീമമായ തുകയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് കടമെടുത്തിരിക്കുന്നത്.
അഴിമതിക്കും അട്ടിമറിക്കും ഇടയില്‍ ഇത്തരം പദ്ധതിയില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതികളിലൂടെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടവുകള്‍ സര്‍ക്കാരിന് ബാധ്യതയാകുകയും ചെയ്യും. പദ്ധതികള്‍ അധികതുക ചെലവഴിക്കാതെ, സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ധാക്കയിലെ യുഎന്‍ ഡവലപ്മെന്റ് പ്രോഗ്രാമിലെ എക്കണോമിസ്റ്റ് നസ്നീന്‍ അഹമ്മദ് പറഞ്ഞു.
ന്യൂക്ലിയര്‍ പവര്‍പ്ലാന്റ് നിര്‍മ്മിക്കാന്‍ 12 ബില്യണ്‍ ഡോളറാണ് റഷ്യയില്‍ നിന്ന് കടമെടുത്തിരിക്കുന്നത്. കേവലം 2400 മെഗാവാട്ടാണ് ഇതിന്റെ ഉല്പാദനക്ഷമത. 2025 മുതല്‍ 20 വര്‍ഷത്തേക്ക് തുക തിരിച്ചടയ്ക്കണം. ഭീമമായ തുകയാണ് ഓരോ വര്‍ഷവും അടക്കേണ്ടിവരിക.
ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഗുരുതരമായ വിലക്കയറ്റമാണ് ബംഗ്ലാദേശില്‍ ഉടനീളം അനുഭവപ്പെടുന്നത്. എണ്ണ, ഗോതമ്പ്, ഭക്ഷ്യവസ്തുക്കള്‍, തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വില കുതിച്ചുയരുകയാണ്.
English summary;Debt increase in Bangladesh
You may also like this video;