കടബാധ്യതമൂലം വീട് വില്‍ക്കാനൊരുങ്ങിയ മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് (ബാവ)യെ തേടി അപ്രതീക്ഷിത ഭാഗ്യം. കേരള ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ബാവക്ക് ഒരു കോടിയുടെ ലോട്ടറി അടിച്ചത്. ബാങ്കിൽ നിന്നുള്‍പ്പെടെ വായ്‌പയെടുത്താണ് ബാവ വീട് നിര്‍മിച്ചിരുന്നത്. ഭാര്യയും, നാല് പെണ്‍മക്കളും, ഒരു മകനുമുള്ള ബാവ സാമ്പത്തിക പ്രതിസന്ധി കാരണം ജീവിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇനി രണ്ട് പെണ്‍മക്കളുടെ വിവാഹം നടക്കാന്‍ ബാക്കിയുണ്ട്. ഏക മകന്‍ ഗള്‍ഫിലാണ്. ബാവ മുമ്പ് സ്വത്ത് ബ്രോക്കറായിരുന്നു. സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവന്നതായി ബാവ പറയുന്നു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്‍പ്പെടെ ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വായ്‌പ വാങ്ങിയിരുന്ന ബാവയ്‌ക്ക് പണമൊന്നും തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. ബ്രോക്കര്‍ ജോലി തുടരാന്‍ സാധിക്കാതിരുന്നതിനാല്‍ പിന്നീട് പെയിന്റിംഗ് ജോലിയിലേക്ക് തിരിയുകയായിരുന്നു. കടം കയറിയതോടെ വീടുവില്‍ക്കാനും വാടകയ്‌ക്ക് താമസിക്കാനുമായിരുന്നു തീരുമാനം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ലോട്ടറിയടിച്ചതെന്നും ഇത് വളരെയേറെ ആശ്വാസം പകര്‍ന്നുവെന്നും ബാവ പറഞ്ഞു.
English Summary: debt ridden man win first prize of 50 50 lottery
You may like this video also