Site iconSite icon Janayugom Online

നവാഗത സിനിമാ പ്രവർത്തകർക്ക് അവാർഡിന് അപേക്ഷ ക്ഷണിച്ചു

സിനിമ ചരിത്രത്തില്‍ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമായി പുരസ്‌കാരം നല്‍കുന്നു. സിനിഡയറി ഡോട്ട് കോമും ടെന്‍ പോയിന്റ് മീഡിയയും സംയുക്തമായാണ് പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്തതോ ഒടിടി പ്ലാറ്റ്ഫോമിലോ, ടെലിവിഷന്‍ പ്രീമിയര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എന്‍ട്രികള്‍ ഡി.വി.ഡി/ബ്ലൂ-റേ/ഹാര്‍ഡ് ഡിസ്‌ക്ക്/പെന്‍ഡ്രൈവ് എന്നിവയിലായാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനുള്ള അപേക്ഷാഫോറവും മറ്റ് നിബന്ധനകളും അടങ്ങിയ ബ്രോഷര്‍ ഈ മാസം 10 മുതല്‍ തിരുവനന്തപുരത്തെ ഡി.പി.ഐ. ജംഗ്ഷനിലും, കൊച്ചിയിലെ പനമ്പിള്ളി നഗറിലുമുള്ള ടെന്‍ പോയിന്റ് മീഡിയ ഓഫീസുകളില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ www.cinidiary.com എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം സിനിമ ന്യൂസ് വെബ്സൈറ്റിലൂടെയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം എഡിറ്റര്‍, സിനി ഡയറി ഓണ്‍ലൈന്‍ മീഡിയ, കെ.എല്‍.ആര്‍.എ., ഡി.പി.ഐ ജംങ്ഷന്‍, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കാം. അവാര്‍ഡ് നിര്‍ണ്ണയത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ഇതേ വിലാസത്തിലാണ്.

2022 ജനുവരി 25നുള്ളിൽ അപേക്ഷകൾ ലഭിച്ചിരിക്കണമെന്നും അവർ പറഞ്ഞു. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, ബാലതാരം (ആണ്‍കുട്ടി), (പെണ്‍കുട്ടി) , കഥാ രചയിതാവ് , തിരക്കഥാകൃത്ത് , നിര്‍മ്മാതാവ് , ക്യാമറാമാന്‍ , എഡിറ്റര്‍ , സംഗീത സംവിധായകൻ ‚ഗാനരചയിതാവ് ‚ഗായകന്‍ , ഗായിക ‚നൃത്ത സംവിധായിക/സംവിധായകന്‍ , ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) , (സ്ത്രീ) , കലാസംവിധായകന്‍ , വസ്ത്രാലങ്കാരകന്‍ , വിഷ്വല്‍ എഫക്ട്സ് (വ്യക്തി/സ്ഥാപനം) , പോസ്റ്റര്‍ ഡിസൈനര്‍ (വ്യക്തി/ സ്ഥാപനം) തുടങ്ങിയ വിഭാഗങ്ങളിലാണ് നവാഗതർക്ക് മാത്രമായി പുരസ്‌കാരം നൽകുന്നതെന്ന് അവർ പറഞ്ഞു. വാർത്താസമ്മേളത്തിൽ മനോജ് മാധവൻ, രശ്മി കർത്താ, ജ്യൂവെൽ ബാബു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ലോഗോയുടെ പ്രകാശനവും നിർവഹിച്ചു.

ENGLISH SUMMARY:Debut film­mak­ers are invit­ed to apply for the award
You may also like this video

Exit mobile version