Site iconSite icon Janayugom Online

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; പോപ്പുലര്‍ ഫിനാന്‍സിന് 17.79 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി നിക്ഷേപം സ്വീകരിച്ച് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് 17.79 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തിരുവനന്തപുരം സ്വദേശി മേരി ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രതിവര്‍ഷം 12 ശമാനം പലിശ വാഗ്ദാനം നല്‍കിയാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപം സ്വീകരിച്ചത്. ഇത് വിശ്വസിച്ച യുവതി 16,59,000 രൂപ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിക്കുകയായിരുന്നു. ആദ്യ മാസങ്ങളില്‍ അക്കൗണ്ടില്‍ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലായതോടെയാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിര്‍കക്ഷികള്‍ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നല്‍കിയതുമില്ല. നിക്ഷേപതുകയായ 16,59,000 രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഉത്തരവില്‍ പറഞ്ഞു.

Exit mobile version