Site iconSite icon Janayugom Online

കള്ളം പറഞ്ഞ് വോട്ടര്‍മാരെ കബളിപ്പിക്കുന്നു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

യുപിയിലെ ഒന്നാംഘട്ട പോളിംഗ്നു ശേഷം ബിജെപിനേതാക്കള്‍ സമാജ് വാദി പാര്‍ട്ടിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്പിയും, അഖിലേഷ് യാദവും രംഗത്ത്. ബിജെപിക്ക് ചുട്ടമറുപടിയാണ് അഖിലേഷ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ നിയമലംഘനത്തിന് എസ്പിയെ കുറ്റപ്പെടുത്തിയതിനാണ് അഖിലേഷ് യാദവ് ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. കള്ളം പറഞ്ഞ് സംസ്ഥാനത്തെ വോട്ടര്‍മാരെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യാദവ് പറഞ്ഞു.

ഇന്ന് കുറ്റകൃത്യം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശ് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.എന്‍ സി ആര്‍ ബി (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) ഡാറ്റ പ്രകാരം ഉത്തര്‍ പ്രദേശ് നാലാം സ്ഥാനത്താണ്. ഇന്ന്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണങ്ങളിലും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ലഭിച്ച നോട്ടീസുകളുടെ എണ്ണത്തിലും ഉത്തര്‍ പ്രദേശ് ഒന്നാം സ്ഥാനത്താണ്. വ്യാജ എന്‍കൗണ്ടറുകളിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറയുന്നു.

ഉത്തര്‍ പ്രദേശിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഐ പി എസ് ഓഫീസ് മറ്റെവിടെയെങ്കിലും ഒളിച്ചിരിക്കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ക്രമസമാധാനത്തെക്കുറിച്ച് അവര്‍ ഞങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയാണോ? ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന തന്റെ പാര്‍ട്ടിക്കെതിരെയുള്ള ബി ജെപി യുടെ ആരോപണങ്ങള്‍ നിലനില്‍ക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഹത്രാസില്‍ സംഭവിച്ചത് നമുക്ക് എങ്ങനെ മറക്കാനാകും. ഇവിടെയുള്ള പൊലീസും സര്‍ക്കാരും ചെയ്തത് എന്താണ്. ലഖീംപൂരില്‍ എന്താണ് സംഭവിച്ചത്.

ലഖ്നൗവിലെ ആപ്പിള്‍ ജീവനക്കാരന് എന്ത് സംഭവിച്ചു? അദ്ദേഹം കൊല്ലപ്പെട്ടു. ഗോരഖ്പൂരില്‍ വ്യവസായിയെ അടിച്ചുകൊന്നു. ആളുകള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ നമ്മള്‍ കണ്ടതാണ് ജനങ്ങള്‍ സര്‍ക്കാരിന് എതിരാണെന്ന്- അഖിലേഷ് യാദവ് പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പേരില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരെ ബി ജെ പി ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവിന് ഉറക്കം നഷ്ടപ്പെട്ടെന്നും ഉത്തര്‍ പ്രദേശിലെ 403ല്‍ 300 സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബി ജെ പിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്ജ്വാദി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ ഗുണ്ട രാജ് ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിപറഞ്ഞത്. ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ചില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോഡി എസ് പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് രാജവംശ രാഷ്ട്രീയമാണെന്നും അതിന്റെ നേതാക്കളെ പരിവാര്‍വാദികളെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അവരുടെ വള്ളം മുങ്ങിയെന്ന് തോന്നിത്തുടങ്ങിയപ്പോള്‍, ഇ വി എമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്താന്‍ തുടങ്ങി. അവരെയും അവരുടെ ഗുണ്ട രാജിനെയും അംഗീകരിക്കാന്‍ യു പിയിലെ ജനങ്ങള്‍ തയ്യാറായില്ല എന്നതാണ് സത്യമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശില്‍ 11 ജില്ലകളിലെ 58 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് പ്രകാരം 60.17 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിനാണ് നടക്കുക. മാര്‍ച്ച് 10ന് ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം പുറത്തുവിടുക. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 14നാണ്. രണ്ടാം ഘട്ടത്തില്‍ 55 നിയമസഭാ മണ്ഡലങ്ങളിലായി 586 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Eng­lish Sumam­ry: Deceives vot­ers by lying; Akhilesh Yadav lash­es out at BJP

You may also like this video:

Exit mobile version