പ്രത്യുല്പാപാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിൽ സ്ത്രീയുടെ അവകാശം നിയന്ത്രണമില്ലാത്തതാണെന്ന് ഹൈക്കോടതി. ഗർഭിണിയായി കുഞ്ഞിനു ജന്മം നൽകണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. കുഞ്ഞിനു ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ സ്ത്രീക്കുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്, സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലിക അവകാശമാണ് അതെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. ഗർഭഛിദ്രത്തിന് അനുമതി തേടി, 23കാരിയായ വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
സഹപാഠിയുമായി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് യുവതി ഗർഭിണിയായത്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചിരുന്നെന്നും എന്നാൽ ഫലപ്രദമായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആര്‍ത്തവസംബന്ധിയായ പ്രശ്നങ്ങൾ ഉള്ളതിനാൽ വൈകിയാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഇരുപത്തിനാല് ആഴ്ച പിന്നിട്ടതിനാൽ ആശുപത്രികൾ ഗർഭഛിദ്രത്തിനു തയ്യാറാവുന്നില്ല. കൂട്ടുകാരൻ ഉന്നത പഠനത്തിനായി വിദേശത്തു പോയി. കുട്ടിക്കു ജന്മം നൽകി മുന്നോട്ടുപോവാനാവാത്ത സ്ഥിതിയാണ്. അതു തന്റെ പഠനത്തെ ബാധിക്കുമെന്നും യുവതി ബോധിപ്പിച്ചു. മെഡിക്കൽ ബോർഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത കോടതി സർക്കാർ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തുന്നതിന് അനുമതി നൽകി.
English Summary: Decision on whether to give birth to child belongs to woman: HC
You may also like this video