ഹിജാബ് വിവാദം നിലനില്‍ക്കെ പാഠ്യപദ്ധതിയിലും കാവിപൂശാനുള്ള നീക്കവുമായി കര്‍ണാടക ബിജെപി സര്‍ക്കാര്‍. പാഠ്യപദ്ധതിയില്‍ കാവിനിറം പൂശുന്നതിന്റെ ഭാഗമായി ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഗുജറാത്തിന്റെ പാത പിന്തുടര്‍ന്ന് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു.
ഗുജറാത്തില്‍ ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠനമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു. ഇംഗ്ലീഷ് മീഡിയമടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാര്‍ത്ഥിയേയും മനസിലാക്കേണ്ടതുണ്ട്.
ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വിശദമായ വ്യാഖ്യാനങ്ങള്‍ക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്.
ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങളെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്. അതിനിടെ ഭഗവത് ഗീതയില്‍ നിന്ന് ആദ്യം പാഠം ഉള്‍ക്കൊള്ളേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ വിമര്‍ശിച്ചു.
english summary; Decision to include Bhagavad Gita in the syllabus in Karnataka too
you may also like this video;