അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയയെ (80) വിദഗ്ധ ചികിത്സയ്ക്കു ലണ്ടനിലേക്കു് കൊണ്ടുപോകും. ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡ് ഇക്കാര്യം തീരുമാനിച്ചെന്ന് ഖാലിദ സിയയുടെ സ്വകാര്യ ഡോക്‌ടർ സാഹിദ് ഹുസൈൻ പറഞ്ഞു. ഖാലിദ സിയയെ ലണ്ടനിലേക്കു കൊണ്ടുപോകുന്നതിന് എയർ ആംബുലൻസ് നൽകാൻ ഖത്തർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ധാക്കയിലെ ആശുപത്രിയുടെ മുകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കിയുള്ള പരീക്ഷണം വ്യാഴാഴ്‌ച നടന്നു. ഖാലിദ സിയയെ വെള്ളിയാഴ്ച എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദയെ നെഞ്ചിൽ അണുബാധ മൂലം കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

