ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾക്കിടെ മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ ഇടിവ്. സഞ്ചാരികളായ ഇന്ത്യക്കാരുടെ എണ്ണം ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. നയതന്ത്ര തർക്കമാണ് ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
മാലദ്വീപ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വർധവനവുണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ചൈനയ്ക്ക്. ഡിസംബറിലെ കണക്ക് അനുസരിച്ച് ദ്വീപിലെ ടൂറിസം വിഹിതത്തിൽ ഇന്ത്യയുടെ സംഭാവന 11 ശതമാനമായിരുന്നു. റഷ്യയും ചൈനയുമായിരുന്നു തൊട്ടുപിന്നിൽ. പത്ത് ശതമാനമായിരുന്നു ഇരു രാജ്യങ്ങളുടെയും സംഭാവന. എട്ട് ശതമാനം വിപണി വിഹിതവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
2023ൽ 2,09,198 ഇന്ത്യക്കാരാണ് മാലദ്വീപിലേക്കെത്തിയത്. 10.6 ശതമാനം വിപണി വിഹിതവുമായി റഷ്യൻ സഞ്ചാരികളാണ് ഏറ്റവും മുന്നിൽ. 10.4 ശതമാനം യാത്രക്കാരുമായി ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. യുകെയാണ് ഇന്ത്യക്ക് തൊട്ടുമുന്നിലുളള രാജ്യം. ജർമ്മനി, യുഎസ്എ, ഫ്രാൻസ്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആറു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. മാലദ്വീപ് സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു പങ്കും ടൂറിസം വ്യവസായങ്ങളെ ആശ്രയിച്ചാണുള്ളത്. ഇന്ത്യയുമായുളള നയതന്ത്ര തർക്കത്തിനുശേഷം ബോയ‍്‍കോട്ട് മാലദ്വീപ് ക്യാമ്പെയ്ൻ അടക്കം സമൂഹമാധ്യമങ്ങളിൽ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
English Summary:Decline in number of Indians to Maldives
You may also like this video