Site iconSite icon Janayugom Online

ഗോതമ്പ് ശേഖരത്തിൽ കുറവ്; ആഗോള ഭക്ഷ്യപ്രതിസന്ധിയെന്ന് മുന്നറിയിപ്പ്

wheatwheat

റഷ്യ‑ഉക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഉടലെടുത്ത കയറ്റുമതി തടസവും ഗോതമ്പ് ഉല്പാദനത്തിലെ ഇടിവും ആഗോള ഭക്ഷ്യ ശേഖരത്തിൽ ഗണ്യമായ കുറവു വരുത്തിയെന്ന് മുന്നറിയിപ്പ്. ആഗോള ഗോതമ്പ് ശേഖരം 2008 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു. രണ്ടര മാസം കൂടി വിതരണം ചെയ്യാനുള്ള ഗോതമ്പേ ഉള്ളൂ എന്നാണ് കാർഷിക വിവരശേഖരണ സ്ഥാപനമായ ‘ഗ്രോ ഇന്റലിജൻസ്’ പറയുന്നത്.

രാസവള ക്ഷാമം, കാലാവസ്ഥാ തടസം, പാചക എണ്ണകളുടെയും ധാന്യങ്ങളുടെയും കുറഞ്ഞ ശേഖരം എന്നിവയുൾപ്പെടെ നിരവധി ‘അസാധാരണ’ വെല്ലുവിളികൾ ആഗോള ഭക്ഷ്യ വിതരണത്തെ ബാധിക്കുന്നുവെന്ന് ഗ്രോ ഇന്റലിജൻസ് ചീഫ് എക്സിക്യൂട്ടീവ് സാറാ മെങ്കർ യുഎൻ സെക്യൂരിറ്റി കൗൺസിലിന് മുന്നറിയിപ്പ് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിത ആഗോള നടപടികളില്ലെങ്കിൽ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയുടെയും സാമ്പത്തിക നാശത്തിന്റെയും അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും അവർ പറഞ്ഞു.

ആഗോള ഗോതമ്പ് വിതരണത്തിൽ നാലിലൊന്ന് റഷ്യയും ഉക്രെയ്‍നുമാണ് വഹിക്കുന്നത്. യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതി തടസപ്പെട്ടു. രാജ്യത്തെ പണപ്പെരുപ്പവും വിളവ് കുറവും മൂലം രണ്ടാമത്തെ ഗോതമ്പ് കയറ്റുമതി രാജ്യമായ ഇന്ത്യയും ഗോതമ്പ് കയറ്റുമതി താല്കാകാലികമായി നിർത്തിയിരിക്കുകയാണ്. ഇത് ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും വിപണികളിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു.

എന്നാൽ റഷ്യ ഭക്ഷ്യ വിതരണത്തെ ആയുധമാക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യലോകം ഭയപ്പെടുന്നു. ഉക്രെയ്‍നിൽ ഉപകരണങ്ങൾ നശിപ്പിച്ചും ധാന്യങ്ങൾ കവർച്ചചെയ്തും ആഗോള ഭക്ഷ്യ വിതരണം തടയാൻ റഷ്യൻ പ്രസിഡന്റ് മനഃപൂർവം ശ്രമിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നു. പുടിൻ ഭക്ഷണത്തെ ആയുധമാക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ഉക്രെയ്ൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്കുമുള്ള ഭക്ഷ്യധാന്യം തടവിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ഗോതമ്പ് കയറ്റുമതിയുടെ അഞ്ചിലൊന്ന് വരുന്ന റഷ്യയില്‍ ഈ വർഷം 84.9 ദശലക്ഷം മെട്രിക് ടൺ ധാന്യം ഉല്പാദിപ്പിച്ചുവെന്ന് റാബോ ബാങ്കിലെ അഗ്രി കമ്മോഡിറ്റീസ് റിസർച്ച് മേധാവി കാർലോസ് മേര പറഞ്ഞു. അതേസമയം യൂറോപ്പിലെയും അമേരിക്കയിലെയും ഉല്പാദനം താഴ്ന്ന നിരക്കിലാണ്. ഈ വർഷം ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 16.8 ദശലക്ഷം ടണ്ണായി ഉല്പാദനം കുറയുമെന്ന് യുഎസ് കൃഷി വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ഒമാനെ ബാധിക്കില്ലെന്നും പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ശേഖരം രാജ്യത്ത് ഉണ്ടെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. വ്യാപാരികളും സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

ഇന്ത്യൻ കർഷകർ ദുരിതത്തിൽ

റഷ്യ‑ഉക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയർന്നു. എന്നാൽ കയറ്റുമതി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയിൽ വില തിരിച്ചടിച്ചതോടെ കർഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്.

ആഗോള തലത്തിൽ വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. വിദേശവിപണിയിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയായ പഞ്ചാബിലെ ഖന്നയിൽ സ്ഥിതി നേർവിപരീത ദിശയിലേക്കാണ് പോയത്. കയറ്റുമതി നിരോധനത്തിന് മുമ്പ് 100 കിലോഗ്രാം ഗോതമ്പിന് 2,300 രൂപ ആയിരുന്നു വില. എന്നാൽ വിലക്ക് വന്നതോടെ ഗോതമ്പ് വില 2,015 രൂപയായി കുറഞ്ഞു. ഇതാകട്ടെ പൊതുവിതരണ സമ്പ്രദായത്തിനായി ധാന്യം വാങ്ങാൻ സർക്കാർ നിശ്ചയിച്ച താങ്ങുവിലയും.

 

Eng­lish Sum­ma­ry: Declin­ing wheat stocks; Warn­ing of glob­al food crisis

You may like this video also

Exit mobile version