Site iconSite icon Janayugom Online

മാനനഷ്ടക്കേസ്: മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി

മാനനഷ്ടക്കേസില്‍ നര്‍മദാ ബച്ചവോ ആന്ദോളന്‍ സമിതി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായ വി കെ സക്സേന നല്‍കിയ കേസിലാണ് മേധപട്കര്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി സകേത് കോടതി മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ ഉത്തരവിട്ടത്. 

2001 ല്‍ വി കെ സക്സേന അഹമ്മദാബാദ് കേന്ദ്രമായി പ്രവൃത്തിച്ചിരുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അധ്യക്ഷനായിരിക്കെ മേധ പട്കര്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയെന്നും തേജോവധം ചെയ്യുന്ന വിധത്തില്‍ ലഘുലേഖ പ്രസിദ്ധീകരിച്ചുവെന്നുമാണ് പരാതി. താന്‍ ഭീരുവും രാജ്യസ്നേഹിയല്ലെന്നും മേധ ആരോപണം ഉന്നയിച്ചിരുന്നു. ഹവാല ഇടപാട് വഴി കോടികള്‍ സമ്പാദിച്ചുവെന്നും മേധ ആരോപിച്ചതായി സക്സേനയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേട്ട മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഐപിസി 500, സിആര്‍പിസി സെക്ഷന്‍ 204 എന്നിവ പ്രകാരം മേധയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ 2003 ല്‍ കേസ് ഡല്‍ഹിയിലേക്ക് മാറ്റി വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് സാകേത് കോടതി ഹര്‍ജി പരിഗണിച്ചത്. സക്‌സേനയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ മേധയ്ക്കു സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ശിക്ഷാവിധി ഈമാസം 30 ന് പ്രഖ്യാപിക്കും രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ മേധക്ക് ശിക്ഷയായി ലഭിച്ചേക്കാം. 

Eng­lish Summary:Defamation case: Court finds Med­ha Patkar guilty
You may also like this video

Exit mobile version